നരേന്ദ്ര മോദിയെ പുകഴ്ത്തി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപി, ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടപ്പാകുമെന്ന് പ്രശംസ

Monday 26 February 2024 7:46 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന്‍. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാകുമെന്ന് കൃത്യമായ ഉറപ്പ് തനിക്കുണ്ടെന്നും ഓരോ മാസവും പി.എം ഓഫീസ് ഇക്കാര്യം അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് കുണ്ടറ പള്ളിമുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് പ്രേമചന്ദ്രന്‍ സംസാരിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് നരേന്ദ്ര മോദി കുണ്ടറയിലെ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ ഇതിന് ശേഷം വിമര്‍ശിക്കാനും എംപി മറന്നില്ല.

മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന അഹങ്കാരം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍ മോദി മാറി മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ദേശീയ മാദ്ധ്യമങ്ങളുടെ പിന്തുണയുണ്ട്, മതപരമായ ധ്രുവീകരണം ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത സംഭവം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോണ്‍ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

പ്രേമചന്ദ്രന് ആര്‍എസ്എസ് അനുകൂല മനസ്സാണെന്ന വിമര്‍ശനമാണ് ഇക്കാര്യത്തില്‍ സിപിഎം ഉന്നയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തെല്ലാം തന്റെ പേരില്‍ വിവാദമുണ്ടാക്കുകയെന്നത് സിപിഎം എപ്പോഴും ചെയ്യാറുള്ള കാര്യമാണെന്നാണ് പ്രേമചന്ദ്രന്‍ അന്ന് ഇതിന് മറുപടി നല്‍കിയത്.