മര്യാദകേടെന്നാണ് പറഞ്ഞത്:സുധാകരൻ

Tuesday 27 February 2024 1:27 AM IST

പത്തനംതിട്ട: സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്കിടെ ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് മുമ്പ് പറഞ്ഞത് `മര്യാദകേട്' എന്ന പരാമർശമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിശദീകരണം. ആ പരാമർശം മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചത് മാനസിക ബുദ്ധിമുണ്ടാക്കി. ലോക് സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി അറിയിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

സമരാഗ്‌നി പ്രക്ഷോഭ യാത്രയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് മറ്റ് ജില്ലകളിൽ നടത്തിയ പത്രസമ്മേളനം പത്തനംതിട്ടയിൽ ഒഴിവാക്കിയിരുന്നു. പിന്നീട് മാദ്ധ്യമങ്ങൾ നേരിട്ട് കണ്ടപ്പോഴായിരുന്നു ഈ വിശദീകരണം.

പത്തനംതിട്ടയിൽ പത്രസമ്മേളനം ഉണ്ടാവുമെന്നായിരുന്നു ഞായറാഴ്ച അനൗദ്യോഗികമായി കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നത്. സുധാകരൻ തങ്ങിയ ഹോട്ടലിൽ എത്തിയ മാദ്ധ്യമപ്രവർത്തകരോട് സമയമുണ്ടെങ്കിൽ പത്രസമ്മേളനം ഉണ്ടാവുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും പറഞ്ഞിരുന്നു.
അല്പസമയത്തിനകം സുധാകരൻ പുറത്തേക്ക് വന്നെങ്കിലും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല.
ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാണ് വാർത്താസമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പിന്നീട് വിശദീകരിച്ചു.