ആലപ്പുഴയിൽ ആരിഫിനെ നേരിടാൻ കെ.സി വന്നേക്കും

Tuesday 27 February 2024 1:35 AM IST

ആലപ്പുഴ : 'കനലൊരു തരി മതി" - കഴിഞ്ഞ തവണ 19 സീറ്റിലും എൽ.ഡി.എഫ് പരാജയപ്പെട്ടപ്പോൾ, ഏകവിജയം ആലപ്പുഴയിൽ വെട്ടിപ്പിടിച്ച എ.എം.ആരിഫിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ഇടത് ക്യാമ്പ് വിശേഷിപ്പിച്ചതിങ്ങനെ. ആ കനൽ അണയാതിരിക്കാൻ അഭിമാന പോരാട്ടത്തിലാണ് ഇത്തവണയും ആലപ്പുഴയിൽ എൽ.ഡി.എഫ് പോരാളി ആരിഫ്.

സീറ്റ് തിരിച്ചുപിടിക്കാനായി കരുത്തുറ്റ സ്ഥാനാർത്ഥിയെ തേടുന്ന കോൺഗ്രസ്, രണ്ട് തവണ ആലപ്പുഴയിൽ നിന്ന് വിജയിച്ച മുൻ കേന്ദ്രമന്ത്രിയും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിലേക്ക് വീണ്ടുമെത്തിയെന്നാണ് സൂചന.

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,കരുനാഗപ്പള്ളി നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ആലപ്പുഴ മണ്ഡലം. ഐക്യകേരള രൂപീകരണത്തിന് മുമ്പ് തിരുക്കൊച്ചിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പി.ടി പുന്നൂസായിരുന്നു ആലപ്പുഴയുടെ പാർലമെന്റംഗം. 1956ലെ സംസ്ഥാന രൂപീകരണത്തെ തുടർന്ന് മണ്ഡലം

അമ്പലപ്പുഴയായി. 57ൽ പി.ടി.പുന്നൂസും 1962ൽ പി.കെ.വാസുദേവൻ നായരും 67ൽ സുശീല ഗോപാലനും ഇടതുപക്ഷ എം.പി മാരായി. ആർ.എസ്.പിയുടെ കെ.ബാലകൃഷ്ണനായിരുന്നു 1971ൽജയിച്ചത്.

 12ൽ 8 തവണയും വലത്തോട്ട്

അമ്പലപ്പുഴയെന്ന പേര് മാറി ആലപ്പുഴ മണ്ഡലമായതിനു ശേഷം 1977 മുതൽ 2019വരെ നടന്ന 12തിരഞ്ഞെടുപ്പുകളിൽ എട്ടിലും വലതുപക്ഷത്തിനൊപ്പമായിരുന്നു വിജയം. 1977ൽ വി.എം. സുധീരൻ (കോൺഗ്രസ്), 1980ൽ സുശീല ഗോപാലൻ(സി.പി.എം),1984ലും 89ലും വക്കം പുരുഷോത്തമൻ (കോൺഗ്രസ്) , 91ൽ ടി.ജെ. ആഞ്ചലോസ് (സി.പി.എം) എന്നിവർ വിജയിച്ചു. 96 മുതൽ 99 വരെ മൂന്നുതവണ വി.എം.സുധീരൻ വീണ്ടും ഇവിടെനിന്ന് ലോക്സഭയിലെത്തി.1996ലെ പതിനൊന്നാം ലോക്സഭയ്ക്ക് ഒന്നര വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 98ൽ എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടാം ലോക്സഭയും 413ാം ദിവസം പിരിച്ചുവിട്ടതോടെയാണ് 1999 ലേതടക്കം മൂന്നു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. 2004ൽ അട്ടിമറി വിജയത്തിലൂടെ ഡോ.കെ.എസ്. മനോജ് ആലപ്പുഴയെ ഇടത് പാളയത്തിലെത്തിച്ചു. 2009ലും 2014ലും കോൺഗ്രസിലെ കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു വിജയം. 2019ൽ ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർത്ഥിയായെങ്കിലും ആരിഫിനോട് പരാജയപ്പെട്ടു.

സ്വന്തം മണ്ഡലമായ അരൂർ അടക്കം അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഷാനിമോൾക്ക് പിന്നിൽപ്പോയ ആരിഫ് ചേർത്തല, കായംകുളം മണ്ഡലങ്ങളിലെ മികച്ച പ്രകടനത്തിലാണ് വിജയം വരിച്ചത്.

Advertisement
Advertisement