500 രൂപക്ക് സിലിണ്ടറും സൗജന്യ വൈദ്യുതിയും ഇന്ന് മുതൽ

Tuesday 27 February 2024 12:42 AM IST

തെലങ്കാന: 500 രൂപയുടെ പാചക വാതക സിലിണ്ടറും 200 യൂനിറ്റ് വരെ സൗജന്യമായി വൈദ്യുതിയും ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് തെലങ്കാന ചെവെല്ലയിൽ തുടക്കമാകും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഗൃഹജ്യോതി എന്നാണ് ഈ പദ്ധതിയുടെ പേര്. തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്റെ മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 22ന് മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിന് ശേഷം രണ്ട് പദ്ധതികളും നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.സംസ്ഥാനത്ത് ടി.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും നടപ്പാക്കിരിന്നു.