ഡൽഹി ജുമാ മസ്ജിദ് ഇമാമായി 29കാരൻ

Tuesday 27 February 2024 12:45 AM IST

ന്യൂഡൽഹി: ഡൽഹി ജുമാമസ്ജിദിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമാകാൻ സയ്യിദ് ഷബാൻ ബുഖാരി. നിലവിലെ ഷാഹി ഇമാമായ സയ്യിദ് അഹമ്മദ് ബുഖാരിയുടെ മകനാണ്. തന്റെ പിൻഗാമിയായി സയ്യിദ് ഷബാൻ ബുഖാരിയെ അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചു. നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ഇസ്ലാമിക് പണ്ഡിതരുടെയും പുരോഹിതരുടെയും സാന്നിധ്യത്തിൽ മസ്ജിദിൽ വച്ചായിരുന്നു ചടങ്ങ് .

29 കാരനായ ഷബാൻ സോഷ്യൽ വർക്കിൽ ബിരുദധാരിയാണ്. നോയിഡയിലെ അമിറ്റി സർവകലാശാലയിലായിരുന്നു ബിരുദപഠനം പൂർത്തിയാക്കിയത്. കൂടാതെ ഡൽഹി മദ്രസയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ രണ്ട് സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമാണ് ഷബാൻ.

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി 1650കളിൽ പണികഴിപ്പിച്ച പള്ളിയാണ് ജുമാ മസ്ജിദ്. 1656ൽ മസ്ജിദിന്റെ ആദ്യ ഇമാമായി ഷാജഹാൻ ചക്രവർത്തി അബ്ദുൾ ഗഫൂർ ഷാ ബുഖാരിയെ നിയമിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്വദേശിയായിരുന്നു ഇദ്ദേഹം.

2014 നവംബറിൽ ഷബാനെ ഡെപ്യൂട്ടി ഷാഹി ഇമാമായി നിയമിച്ചിരുന്നു. ഈ ചടങ്ങിലേക്ക് അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് വാർത്തയാകുകയും ചെയ്തു.

Advertisement
Advertisement