തമിഴ്‌നാട് മന്ത്രി പെരിയസാമിയെ കുറ്റവിമുക്തനാക്കിയത് റദ്ദാക്കി
ചെന്നൈ: അഴിമതിക്കേസിൽ തമിഴ്നാട് മന്ത്രി ഐ.പെരിയ സാമിയെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ വേണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു. ആനന്ദ് വെങ്കിടേഷ് സ്വമേധയാ എടുത്ത കേസാണ്. ഒരു ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം അനുവദിക്കും.
കേസിലെ മറ്റ് രണ്ട് പ്രതികൾക്കൊപ്പം വിചാരണ നേരിടാൻ മന്ത്രിയോട് കോടതി നിർദ്ദേശിച്ചു. വിചാരണയുടെ പുരോഗതി റിപ്പോർട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകണം. മാർച്ച് 31നകം പൂർത്തിയാക്കുകയും വേണം.
2012ലാണ് പെരിയ സാമിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യ്തത്. 2008-2011ൽ കരുണാനിധി മന്ത്രി സഭയിൽ ഭവനനിർമ്മാണ മന്ത്രിയായിരുന്നു. ഈ അവസരത്തിൽ കരുണാനിധിയുടെ അംഗരക്ഷകൻ ഗണേശന് ഹൗസിംഗ് ബോർഡ് ഭൂമി അനധികൃതമായി അനുവദിച്ചു എന്നാണ് കേസ്. എന്നാൽ 2023 മാർച്ചിൽ പ്രത്യേക കോടതി തെളിവില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കി.
സ്റ്റാലിന് വീണ്ടും തിരിച്ചടി
സ്റ്റാലിൻ മന്ത്രിസഭയ്ക്ക് കോടതിയിൽ നിന്നു കിട്ടുന്ന തുടർച്ചയായ തിരിച്ചടിയാണിത്. കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ടും വകുപ്പില്ലാ മന്ത്രിയായി തുടരാൻ സ്റ്റാലിൻ അനുവദിച്ച സെന്തിൽ ബാലാജി ഒരാഴ്ച മുമ്പ് രാജിവച്ചിരുന്നു. കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചപ്പോൾ രാജിക്ക് നിർബന്ധിതനാകുകയായിരുന്നു.