ജിമ്മനാകാൻ വേറിട്ട വഴി സ്വീകരിച്ചു, 20 ദിവസം നിർത്താതെ ഛർദി; സ്‌കാനിംഗ് റിപ്പോർട്ട് കണ്ട് വിശ്വസിക്കാനാകാതെ ഡോക്ടർമാർ

Tuesday 27 February 2024 11:58 AM IST

ന്യൂഡൽഹി: യുവാവിന്റെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയ നടത്തി 39 നാണയങ്ങളും 37 കാന്തങ്ങളും നീക്കം ചെയ്തു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സംഭവം. 20 ദിവസത്തിലേറെയായി നിർത്താതെയുള്ള ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 26കാരൻ ആശുപത്രിയിലെത്തിയത്.

ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. തരുൺ മിത്തലാണ് ആദ്യം യുവാവിനെ പരിശോധിച്ചത്. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. സ്‌കാൻ ചെയ്‌തപ്പോൾ നാണയങ്ങളും കാന്തങ്ങളും പോലുള്ള സാധനങ്ങൾ ഇയാളുടെ വയറ്റിലുള്ളതായി കണ്ടെത്തി. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിരുന്നുവെന്നും ഡോക്‌ടർ പറഞ്ഞു. മാത്രമല്ല, വയറ്റിലുണ്ടായിരുന്ന കാന്തങ്ങൾ തമ്മിലുള്ള ആകർഷണം കാരണം ചെറുകുടലിന്റെ രണ്ട് ഭാഗങ്ങൾ തമ്മിൽ ഒന്നിച്ചിരുന്നു. തുടർന്ന് ഉടൻതന്നെ ശസ്ത്രക്രിയ നടത്തി വയറ്റിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പുറത്തെടുത്തു. ഏഴ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സുഖം പ്രാപിച്ച യുവാവ് ആശുപത്രി വിട്ടു.

ശരീരത്തിൽ മസിലുണ്ടാകാൻ ആവശ്യമായ സിങ്ക് ലഭിക്കാൻ വേണ്ടി സ്വയം നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതാണെന്ന് യുവാവ് ഡോക്ടർമാരോട് സമ്മതിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും ഡോക്ടർമാർ വെളിപ്പെടുത്തി. ഡോ. തരുൺ മിത്തൽ, ഡോ. ആശിഷ് ഡേ, ഡോ. അൻമോൾ അഹൂജ, ഡോ. വിക്രം സിംഗ്, ഡോ. തനുശ്രീ, ഡോ. കാർത്തിക് എന്നിവരുടെ സംഘമാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്.