ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് തൂക്കുകയറില്ല; ശിക്ഷ ഉയർത്തി ഹൈക്കോടതി

Tuesday 27 February 2024 3:43 PM IST

കൊച്ചി: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. 20 വർഷം കഴിയാതെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മിൽ നിന്ന് വിട്ടുപോയി ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.

എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നുവർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളിൽ മോഹനൻ ഉൾപ്പടെ 24 പേരെ വെറുതെവിട്ടിരുന്നു.