വനിതാ കളക്‌ഷൻ ഏജന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

Wednesday 28 February 2024 1:25 AM IST

ആലപ്പുഴ: കെ.എസ്.എഫ്.ഇ വനിതാ കളക്‌ഷൻ ഏജന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരീഭർത്താവ് കസ്റ്റഡിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കാളുതറ വീട്ടിൽ രാഗേഷിന്റെ ഭാര്യ മായയ്ക്കാണ് (37) വെട്ടേറ്റത്. കഴുത്തിന് പിൻഭാഗത്ത് വെട്ടേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈചൂണ്ടി കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബുവിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കെ.എസ്.എഫ്.ഇ കളർകോട് ശാഖയിലാണ് നാടകീയ സംഭവം ഉണ്ടായത്. കളക്ഷൻ പണം അടക്കാനെത്തിയ മായ,​ മറ്റൊരു ജീവനക്കാരിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ അവിടെയെത്തിയ സുരേഷ് ബാബു കൈയിൽകരുതിയിരുന്ന കത്തികൊണ്ട്

പിന്നിൽ നിന്ന് വെട്ടുകയായിരുന്നു. ഇതിനിടെ കൈയിൽ നിന്ന് കത്തി തെറിച്ചു പോയി. വീണ്ടും അതെടുക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ സൗത്ത് പൊലീസിന് കൈമാറി. മായയ്ക്ക് ഇടത് തോളിനും കഴുത്തിന്റെ പിൻ ഭാഗത്തുമായ മുറിവുകളിൽ നിരവധി തുന്നലുണ്ട്. വിഭ്രാന്തി കാട്ടിയ സുരേഷ് ബാബുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് പറയുന്നത്:

സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. വിവാഹബന്ധം വേർപെടുത്താൻ നിയനടപടികൾ സ്വീകരിച്ച അശ്വതി ഒരു വർഷമായി കുട്ടികളുമൊത്ത് കളർകോടുള്ള സ്വന്തം വീട്ടിലാണ് .ഇവരെ സഹായിക്കുന്നത് മായയാണ്. ഈ വിരോധത്തിലാണ് വകവരുത്താൻ ശ്രമിച്ചത്. സെന്റ് ആന്റണീസിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ മകനെ കൂട്ടിക്കൊണ്ടു പോകാനും സുരേഷ് ബാബു ശ്രമിച്ചിരുന്നു. ഇന്നലെയും സ്‌കൂളിൽ ചെന്നെങ്കിലും അധികൃതർ വഴങ്ങിയില്ല. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ മറ്റൊരു കേസിൽ ജയിൽ മോചിതനായതെന്നും പൊലീസ് പറഞ്ഞു.