കൗൺസിലറെ ആക്രമിച്ച കേസ്: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭ
തിരൂരങ്ങാടി: നഗരസഭ 33-ാം ഡിവിഷൻ കൗൺസിലറും പൊതു പ്രവർത്തകനും കർഷകനുമായ കരിപറമ്പത്ത് സൈദലവിയെ കഴിഞ്ഞ ദിവസം അകാരണമായി സംഘം ചേർന്ന് ആക്രമിച്ച നടപടിയെ നഗരസഭ കൗൺസിൽ യോഗം ശക്തമായി അപലപിക്കുകയും കുറ്റവാളികൾക്കെതിരെകർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൗൺസിലർ തന്റെ കൃഷിയിടത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ വാഹനത്തിൽ എത്തിയ അഞ്ചു പേരാണ് സൈതലവിയെ ആക്രമിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കൗൺസിലർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച തിരൂരങ്ങാടി എസ്.എച്ച്.ഒ.ക്ക് 37 കൗൺസിലർമാർ ഒപ്പിട്ട നിവേദനം ഡെപ്യൂട്ടി ചെയർ പേഴ്സൻ കാലൊടി സുലൈഖയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഇൻചാർജ് ഓഫീസർക്ക് കൈമാറുകയും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇക്ബാൽ കല്ലിങ്ങൽ, സിപി ഇസ്മായിൽ, ഇ.പി.എസ്. ബാവ, സോന രതീഷ്, സിപി.സുഹ്‌റാബി, മറ്റു കൗൺസിലർമാരും സംബന്ധിച്ചു.