എൽ.ഡി.എഫ് ചിത്രം തെളിഞ്ഞു; ഒരു മന്ത്രിയും രണ്ട് മുൻ മന്ത്രിമാരും
- ലോക്‌സഭയിലേക്ക് മൂന്നുപേർക്കും കന്നി മത്സരം
തൃശൂർ: ജില്ലയിലെ എൽ.ഡി.എഫ് ചിത്രം തെളിഞ്ഞു. ഒരു മന്ത്രിക്കും രണ്ട് മുൻ മന്ത്രിമാർക്കുമാണ് നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ നിയോഗം. പ്രചാരണച്ചൂടിന്റെ നാളുകളാണ് ഇനി. തിങ്കളാഴ്ച സി.പി.ഐ സ്ഥാനാർത്ഥിയായി തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ വി.എസ്. സുനിൽ കുമാറിന്റെ പേരും ഇന്നലെ സി.പി.എം മത്സരിക്കുന്ന ആലത്തൂരിലും ചാലക്കുടിയിലും മന്ത്രി കെ. രാധകൃഷ്ണന്റെയും പ്രൊഫ. സി. രവീന്ദ്രനാഥിന്റെയും പേരുകൾ പ്രഖ്യാപിച്ചതോടെയാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞത്.
എം.എൽ.എമാർ എന്ന നിലയിലും മന്ത്രിമാർ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ച്ചവച്ച മൂന്നുപേർക്കും ലോക്‌സഭയിലേക്കിത് കന്നി മത്സരം. എൽ.ഡി.എഫ് ഭരണത്തിലേറിയ സമയമെല്ലാം മികച്ച സ്ഥാനങ്ങളാണ് കെ. രാധകൃഷ്ണന് ലഭിച്ചിരുന്നത്. സ്പീക്കർ, മന്ത്രി എന്നീ നിലകളികളിൽ പ്രവർത്തിച്ചു. ദേവസ്വം, പട്ടികജാതി ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് ഇപ്പോൾ മത്സരരംഗത്തേക്ക് ഇറങ്ങുന്നത്.
മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ചാലക്കുടിയിൽ മത്സരിക്കുന്ന പ്രൊഫ. സി. രവീന്ദ്രനാഥ്. ഇതോടെ മൂന്നു മണ്ഡലങ്ങളിലും ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കെ. രാധകൃഷ്ണൻ ചേലക്കരയിലെയും രവീന്ദ്രനാഥ് തൃശൂർ കാനാട്ടുകരയിലെയും താമസക്കാരനാണ്, വി.എസ്. സുനിൽകുമാർ അന്തിക്കാട്ടുകാരനും. പ്രഖ്യാപനം വന്നതോടെ ചുമരെഴുത്തുകളിൽ ചിഹ്നത്തിന് പുറമേ പേരുകളും എഴുതിത്തുടങ്ങി. എതിർസ്ഥാനാർത്ഥികളുടെ പേരുകളും പ്രഖ്യാപിക്കുന്നതോടെ നാടെങ്ങും തിരഞ്ഞെടുപ്പ് ചൂടുയരും.
യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥിയുടെ പേര് ഒഴികെയുള്ള ചുമരെഴുത്തുക്കൾ നടന്നു വരികയാണ്. മൂന്നു മുന്നണികളും പലയിടത്തും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
- റോഡ് ഷോയിലൂടെ രംഗ പ്രവേശം
ത്രികോണ മത്സരം നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ റോഡ് ഷോയിലൂടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ കുമാർ പ്രചാരണ രംഗത്തിറങ്ങിയത്. കോർപറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ഇന്നലെ വൈകിട്ട് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നു. നൂറുക്കണക്കിന് പ്രവർത്തകരുമായി സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസ് പരിസരത്ത് തന്നെ റോഡ് ഷോ സമാപിച്ചു. കെ. രാജേന്ദ്രൻ, പി. ബാലചന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.വി. അബ്ദുൾ ഖാദർ, അഡ്വ. ടി.ആർ. രമേഷ് കുമാർ, കെ.പി. സന്ദീപ്, സി.ആർ. വത്സൻ, അഡ്വ. ജോൺ, ബിന്നി ഇമ്മട്ടി, കൗൺസിലർ ബീന മുരളി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിൽ ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയായ കെ. രാധകൃഷ്ണൻ നാളെയാണ് മണ്ഡലത്തിലെത്തുക. ചാലക്കുടി മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് അങ്കമാലിയിലാണ് റോഡ് ഷോ നടത്തിയത്.