ഒരു മുഴം മുമ്പേ എറിഞ്ഞ് കോൺഗ്രസ്; ഹിമാചലിൽ 15 ബിജെപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

Wednesday 28 February 2024 12:03 PM IST

ഷിംല: ഹിമാചൽ പ്രദേശിൽ 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വച്ചിരുന്നു ഇതിന്റെ പേരിലാണ് നടപടി. ജയ്റാം ഠാക്കൂർ ഉൾപ്പെടെയുള്ള എംഎൽഎമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ആകെ 25 എംഎൽഎമാരാണ് ഹിമാചൽ പ്രദേശിൽ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 15പേരെ സസ്‌പെൻഡ് ചെയ്തതോടെ പാർട്ടിയുടെ അംഗസംഖ്യ പത്തായി.

രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ബിജെപി സർക്കാരുണ്ടാക്കാൻ നീക്കം തുടങ്ങിയതിന് പിന്നാലെ കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് ഒരു മന്ത്രിയും രാജിവച്ചു. വിക്രമാദിത്യ സിംഗ് ആണ് മന്ത്രി സ്ഥാനം രാജി വച്ചത്. മുഖ്യമന്ത്രി പദത്തിനായുള്ള ചരട് വലിയുടെ ഭാഗമാണ് ഈ രാജിയെന്നാണ് വിലയിരുത്തൽ.

രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന ഇന്നലെ ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. ഹിമാചലിൽ ജയമുറപ്പിച്ച മനു അഭിഷേക് സിംഗ്‌വിക്ക് തിരിച്ചടിയായത് 40 കോൺഗ്രസ് എം എൽ എമാരിൽ ആറുപേരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും ബിജെപിയിലെ ഹർഷ് മഹാജന് ക്രോസ് വോട്ടു ചെയ്തതാണ്. സിംഗ്‌വിക്ക് ലഭിച്ചത് 34 വോട്ട്. 25 ബിജെപി വോട്ടുകളും ഒമ്പത് ക്രോസ് വോട്ടുകളും ചേർന്നപ്പോൾ ഹർഷിനും കിട്ടി 34 വോട്ട്. തുടർന്ന് നറുക്കെടുപ്പിലൂടെ ഹർഷിനെ വിജയിയായി പ്രഖ്യാപിച്ചു. ക്രോസ് വോട്ട് ചെയ്ത ഒമ്പത് പേരെ സി ആർ പി എഫ് ജവാൻമാരുടെ സുരക്ഷയിൽ ബി ജെ പി ഹരിയാനയിലേക്ക് മാ​റ്റിയിരുന്നു.

Advertisement
Advertisement