ഐസ് വെള്ളം കുടിച്ചതിന് പിന്നാലെ ബോഡി  ബിൽഡർക്ക് തലകറക്കം; പരിശോധനയിൽ കണ്ടെത്തിയത് അപൂർവ രോഗം

Wednesday 28 February 2024 4:13 PM IST
വാഷിംഗ്ടൺ: വർഷങ്ങൾ കഴിയുതോറും പുതിയ പുതിയ രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചാണ് നാം കേൾക്കുന്നത്. ഇത്തരത്തിൽ പല അപൂർവരോഗങ്ങളും കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ യുഎസിലെ ഹൂസ്റ്റണിൽ നിന്നുള്ള ഒരു ബോഡി ബിൽഡറുടെ അനുഭവമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ഐസ് വെള്ളം കുടിച്ചതിനെ തുടർന്ന് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. ഫ്രാങ്ക്ലിൻ അരിബീന എന്ന ബോഡി ബിൽഡർക്ക് 18-ാം വയസിലാണ് ഈ രോഗത്തിന്റെ തുടക്കം.

വെള്ളം കുടിച്ചുകൊണ്ടിരിക്കെ നെഞ്ചിലൊരു തടസം പോലെ തോന്നി. അതിന് മുൻപ് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. പിന്നീട് തളർന്ന് താഴെ വീഴുകയായിരുന്നു. ഇത് പലതവണ തുടർന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ ഇരുപതിലധികം തവണ ഈ പ്രശ്നം നേരിട്ട അരിബീന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നിരവധി പരിശോധനങ്ങൾക്ക് ഒടുവിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ പ്രശ്നം കണ്ടെത്തി. 'ഏട്രിയൽ ഫെെബ്രിലേഷൻ അഥവാ എഎഫ്' എന്ന് പറയുന്നൊരു അവസ്ഥയാണിത്. ഹൃദയത്തെയാണിത് ബാധിക്കുന്നത്.

ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുകയും തന്മൂലം ഹൃദയത്തിൽ രക്തം കട്ട പിടിക്കുകയും ചെയ്യുന്നൊരു അവസ്ഥയാണിത്. ഹൃദയത്തിന്റെ മുകളിലെ രണ്ട് അറകളെയാണ് ഇത് ബാധിക്കുക. ചിലരിൽ ഇതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കില്ല. ചിലരിൽ ഉയർന്ന് ഹൃദയമിടിപ്പ്, ശ്വാസതടസം, തലകറക്കം എന്നീ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെടാം.

അരിബീനയ്ക്ക് വില്ലനായത് ഐസ് വെള്ളമാണ്. തൊണ്ടയുടെ പിറകിലായുള്ള വേഗസ് എന്ന നാഡിയിൽ ഐസ് വെള്ളം തട്ടുമ്പോഴാണ് എഎഫ് ട്രിഗർ ചെയ്യുന്നത്. തലച്ചോറിൽ നിന്ന് നെഞ്ചിലേക്ക് വരുന്നതാണ് വേഗസ് നാഡി. ഇത് ഹൃദയമിടിപ്പ് ബാലൻസ് ചെയ്ത് നിർത്തുന്നതിൽ പങ്കാളിയാണ്. അതിനാലാണ് ഐസ് വെള്ളം കുടിക്കുമ്പോൾ എഎഫ് ട്രിഗറാകുന്നത്.

അരിബീനയ്ക്കും അച്ഛനും സഹോദരിക്കുമെല്ലാം എഎഫ് സംഭവിക്കാൻ സാദ്ധ്യയുള്ളതായും ഡോക്ടർമാർ അറിയിച്ചു. ഇവരിൽ പാരമ്പര്യമായി ഈ രോഗത്തിന്റെ സാദ്ധ്യത കിടക്കുന്നതായും കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് വിധേയനായ അരിബീന ഇപ്പോൾ പൂർണമായും ഈ അവസ്ഥയിൽ നിന്ന് മോചിതനാവുകയും ചെയ്തിട്ടുണ്ട്.