നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധം രൂക്ഷം, ഡിവൈഎഫ്ഐ നേതാവിനെ കോളേജിൽ നിന്നും പുറത്താക്കി
പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിന്നും പുറത്താക്കി. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ആറൻമുള പൊലീസിനെതിരെയും സമരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കോളേജ് മാനേജ്മെന്റ് ജയ്സണെ പുറത്താക്കിയത്. സംഭവത്തിൽ പ്രതിയായിട്ടും കോളേജ് അധികൃതർ ജയ്സണെ പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്സണെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടു. ആറന്മുള സിഐ ഉൾപ്പെടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറ്റിയില്ല. തുടർന്ന് പൂട്ടുപൊളിച്ചാണ് പൊലീസ് അകത്തുകയറിയത്.
ഡിസംബർ 20നാണ് കോളേജിൽ സംഘമുണ്ടായത്. വിദ്യാർത്ഥിനിയെ പ്രതി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് പൊലീസ് എഫ്ഐആർ ഇട്ടത്.