വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുടെ മരണം ; ആറു പേർ അറസ്റ്റിൽ,​ എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ 12 പേർ ഒളിവിൽ

Wednesday 28 February 2024 8:28 PM IST

കല്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആറുപേർ അറസ്റ്റിൽ. രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. 18 പേരാണ് കേസിലെ പ്രതികൾ. ഇതിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള 12 പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കെ അരുണ്‍, എന്‍. ആസിഫ് ഖാന്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കെ. അഖില്‍, ആര്‍.എസ്. കാശിനാഥന്‍, അമീന്‍ അക്ബര്‍ അലി, സിന്‍ജോ ജോണ്‍സണ്‍, ജെ അജയ്, ഇ.കെ. സൗദ് റിസാല്‍, എ അല്‍ത്താഫ്, വി ആദിത്യന്‍, എം മുഹമ്മദ് ഡാനിഷ് എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ത്ഥിന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ത്ഥികളെയും അന്വേഷണവിധേയമായി കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

സുൽത്താൻബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ,​ ഇടുക്കി സ്വദേശി അഭിഷേക് എസ്,​ തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ്.ഡി,​ തൊടുപുഴ സ്വദേശി ഡോൺസ് ഡായി,​ തിരുവനന്തപുരം സ്വദേശി ബിനോയ്,​ തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ എന്നിവരാണ് അറസ്റ്റിലായത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തിന് ഇരയായെന്ന് തെളിഞ്ഞത്. സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദ്ദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്.തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം തൂങ്ങിമരണമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലന്റൈൻസ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെ തുടർന്ന് കോളേജിൽ വച്ച് സിദ്ധാർത്ഥിന് ക്രൂരമർദ്ദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നുവെന്നാണ് പരാതി.