വയലാർ രവിയെ ആദ്യം വാഴ്‌ത്തി, പിന്നെ വീഴ്‌ത്തി

Thursday 29 February 2024 1:54 AM IST

ആറ്രിങ്ങലായി പരിണമിച്ച പഴയ ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലം മറക്കാനാവാത്ത പല തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കും വേദിയായിരുന്നു. അക്കൂട്ടത്തിലെ പുകഴ്പെറ്റ മത്സരം നടന്നത് 1971ലായിരുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്റ്ര് പ്രസ്ഥാനത്തിന് ചോരയും നീരും നൽകി പരിപോഷിപ്പിച്ചതിൽ പുന്നപ്ര - വയലാർ സമരത്തിന്റെ പങ്ക് വളരെ വലുതാണ്. വയലാറിലെ മണ്ണിൽ നിന്ന് കെ.എസ്.യു കെട്ടിപ്പടുത്ത രവി എന്ന യുവപോരാളിയാണ് 71ൽ ചിറയിൻലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയത്.

തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പിൽ കെ. അനിരുദ്ധനോട് അപ്രതീക്ഷിത തോൽവി ഏറ്രുവാങ്ങിയ ആർ. ശങ്കറെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിലെ ആലോചന. പക്ഷേ സർവപ്രതാപിയായിരുന്ന ഇന്ദിരാഗാന്ധി ചിന്തിച്ചത് മറ്റൊരു വഴിക്ക്. പ്രസരിപ്പുള്ള യുവനേതാക്കളെ രംഗത്തിറക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഇന്ദിരയുടെ പ്രത്യേക താത്പര്യപ്രകാരം വയലാർ രവിക്ക് നറുക്ക് വീണു. വടകരയിൽ കെ.പി. ഉണ്ണികൃഷ്ണനും. രണ്ടുപേരുടെയും ആദ്യ മത്സരം. 34 കാരനായ വയലാർ രവിയെ നേരിടാൻ ഇടതുപക്ഷം രംഗത്തിറക്കിയത് 44 കാരനായ വർക്കല രാധാകൃഷ്ണനെയും. മുൻ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്രുകാരനായ കെ. അനിരുദ്ധൻ ജയിച്ച ചരിത്രമുള്ളതിനാൽ വയലാർ രവിക്ക് വലിയ സാദ്ധ്യതയൊന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ കൽപ്പിച്ചില്ല. രണ്ട് കൂട്ടരും വാശിയോടെ രംഗത്തിറങ്ങി. ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ച് 49,272 വോട്ടിന്റെ ഭൂരിപക്ഷത്തിന് വയലാർ രവി ജയിച്ചു. അത് മണ്ഡലത്തിലെ മറ്റൊരു അട്ടിമറി വിജയവുമായി.

1977ൽ വയലാർ രവി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി. ആർ. ശങ്കറെ വീഴ്ത്തിയ കെ. അനിരുദ്ധനെ ഇറക്കി രവിയുടെ ആധിപത്യം അവസാനിപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. സർവ തന്ത്രങ്ങളും മെനഞ്ഞുള്ള പോരാട്ടം. പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു, വയലാർ രവിയുടെ ഭൂരിപക്ഷം 60,925 വോട്ടായി ഉയർന്നു.

 രവിയെ 'കോൺഗ്രസ്" തോൽപ്പിച്ചു

തൊട്ടടുത്ത വർഷം കോൺഗ്രസ് പിളന്നു. ഇന്ദിരയുമായുള്ള അടുപ്പം ഉപേക്ഷിച്ച് ആന്റണി കോൺഗ്രസിലേക്ക് വയലാർ രവി ചേക്കേറി. ആന്റണി കോൺഗ്രസാവട്ടെ ഇടതുപക്ഷവുമായി സന്ധിയിലുമായി. 1980ൽ വീണ്ടും ലോക്സഭാ തിരഞ്ഞെടുപ്പ്. ചിറയിൻകീഴിൽ വയലാർ രവിയുടെ മൂന്നാം ഊഴം ഇടതുപക്ഷ സ്ഥാനാർത്ഥിയായി. കോൺഗ്രസാവട്ടെ എ.എ. റഹീമിനെ എതിരാളിയാക്കി. മുന്നണി സംവിധാനങ്ങളിലെ മാറ്റത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ മത്സരഫലത്തെക്കുറിച്ചുള്ള പ്രവചനം അസാദ്ധ്യമായിരുന്നു. എങ്കിലും പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വയലാർ രവിക്കാണ് രാഷ്ട്രീയകേന്ദ്രങ്ങൾ വിജയം കൽപ്പിച്ചത്. പക്ഷേ ഫലം വന്നപ്പോൾ 6063 വോട്ടുകൾക്ക് വയലാർരവി തറപറ്റി.

Advertisement
Advertisement