ബ്രിജ്ഭൂഷണെതിരെയുള്ള കേസ്: മാർച്ച് 15ന് വിധി
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി മാർച്ച് 15ന് വിധി പറയും. ആറ് വനിത ഗുസ്തി താരങ്ങളോട് അതിക്രമം കാട്ടിയെന്ന കേസിലാണിത്. കൂട്ടുപ്രതി ഫെഡറേഷൻ മുൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റം ചുമത്താൻ തീരുമാനിച്ചാൽ ഇരുവരും വിചാരണ നേരിടേണ്ടി വരും. അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് പ്രിയങ്ക രജ്പുത് ഡൽഹി പൊലീസിന്റെയും ഇരകളുടെ അഭിഭാഷകരുടെയും വാദം കേട്ടു. പ്രതികളെ വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വാദിച്ചു. വിദേശത്ത് അതിക്രമം നടത്തിയെന്ന ആരോപണത്തിൽ ഡൽഹി കോടതിയിൽ വിചാരണ കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ വ്യക്തമാക്കി. എന്നാൽ, ഡൽഹിയിൽ ഉൾപ്പെടെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് ബ്രിജ്‌ഭൂഷണെതിരെയുള്ള കേസെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.