പ്രസാദക്കഞ്ഞി കുടിച്ച് സുനിൽ, സ്‌നേഹക്കടയുമായി പ്രതാപൻ: മാസ് എൻട്രിക്ക് സുരേഷ് ഗോപി

Thursday 29 February 2024 1:35 AM IST

തൃശൂർ: ചിത്രം തെളിഞ്ഞതോടെ പ്രചാരണവുമായി രംഗത്തിറങ്ങിയ ഇടത് സ്ഥാനാർത്ഥി സുനിൽകുമാർ ഗുരുവായൂർ ഉത്സവത്തിന് പ്രസാദക്കഞ്ഞി കുടിക്കാനെത്തി. സ്നേഹക്കടയിലൂടെ പ്രതാപൻ ജനങ്ങൾക്കിടയിൽ വെറുപ്പിനെതിരെ സ്നേഹ സന്ദേശവും വിളമ്പി. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ റാലിയോടെ സുരേഷ് ഗോപിയുടെ മാസ് എൻട്രിക്കുള്ള ഒരുക്കത്തിലാണ് എൻ.ഡി.എ. ജില്ലയിൽ പ്രചാരണ രംഗം കൊഴുക്കുമ്പോൾ ചൂടു പിടിക്കുകയാണ് രാഷ്ട്രീയതട്ടകം. പ്രതാപന്റെയും സുരേഷ് ഗോപിയുടെയും പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടായേക്കും. ഇതോടെ മൂന്ന് സ്ഥാനാർത്ഥികളും കളം നിറയും. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുമ്പേ എല്ലാ നിയോജക മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ടി.എൻ.പ്രതാപൻ സ്‌നേഹ സന്ദേശ യാത്രയിലൂടെ ആദ്യ ഘട്ട പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ്. മാർച്ച് അഞ്ചിനാണ് യാത്ര സമാപിക്കുക.


പ്രസാദക്കഞ്ഞി കുടിച്ച് സുനിൽ കുമാർ

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആദ്യ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ സുനിൽ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സുനിൽ കുമാർ ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തി. ഗുരുവായൂർ ഉത്സവത്തിൽ പ്രസാദഊട്ട് പന്തലിലെത്തി വിശേഷ വിഭവമായ കഞ്ഞിയും പുഴുക്കും കഴിച്ചാണ് മടങ്ങിയത്. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, മെമ്പർമാരായ മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ വിനയൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൽ ഖാദർ, എം.എൽ.എ എൻ.കെ.അക്ബർ, പി.ടി.കുഞ്ഞുമുഹമ്മദ്, ഗീതാഗോപി, സി.സുമേഷ് , ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ എന്നിവർ അനുഗമിച്ചു.

സ്‌നേഹക്കടകളിട്ട് പ്രതാപൻ

വെറുപ്പിനെതിരെ ടി.എൻ.പ്രതാപൻ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ ഭാഗമായാണ് സ്‌നേഹക്കട നാടാകെ സഞ്ചരിക്കുന്നത്. യാത്ര കടന്നുവരുന്ന വഴികളിൽ സഞ്ചരിക്കുന്ന സ്‌നേഹക്കടയിലെത്തി സൗജന്യമായി ചായയും ലഘുകടികളും പങ്കിടാം. വെറുപ്പിന്റെ അങ്ങാടിയിൽ സ്‌നേഹത്തിന്റെ കടതുറന്നുവെച്ച് രാഹുൽഗാന്ധിയുടെ സന്ദേശം ഉൾക്കൊണ്ടാണ് നാടാകെ സഞ്ചരിക്കുന്നത്. ഇന്നലെ സ്‌നേഹ സന്ദേശ യാത്ര മുല്ലശ്ശേരി, വെങ്കിടങ്ങ്, അരിമ്പൂർ, കപ്പൽപ്പള്ളി, ആറാം കല്ല്, കാഞ്ഞാണി, കണ്ടശ്ശാംകടവ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വാടാനപ്പിള്ളിയിൽ സമാപിച്ചു.

മാസ് എൻട്രിക്കായി സുരേഷ് ഗോപി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസത്തിലാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. അന്ന് വലിയ ഓളം സൃഷ്ടിച്ചായിരുന്നു വരവ്. എന്നാൽ അതിനുശേഷം മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. എന്നിരുന്നാലും ഇത്തവണയും റോഡ് ഷോയിലൂടെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ ഒരുക്കം. ഇന്ന് സുരേഷ് ഗോപി തൃശൂരിലെത്തുമെന്നാണ് വിവരം. ബി.ജെ.പിയുടെ ആദ്യപട്ടിക നാളെ പുറത്തിറങ്ങിയേക്കും. അതിൽ സുരേഷ് ഗോപിയുടെ പേരുമുണ്ടായേക്കും. റോഡ് ഷോയിലൂടെയാകും സ്ഥാനാർത്ഥി പ്രചരണം ആരംഭിക്കുകയെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി പറഞ്ഞു.

Advertisement
Advertisement