സന്ദേശ്ഖാലിയിലെ സംഘർഷം; ഒളിവിലായിരുന്ന  തൃണമൂൽ  കോൺഗ്രസ്  നേതാവ്  ഷെയ്ഖ് ഷാജഹാൻ പിടിയിൽ

Thursday 29 February 2024 8:16 AM IST

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന സംഘർഷങ്ങളിലെ മുഖ്യപ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. 55 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.

കുറച്ചുദിവസങ്ങളായി ഷെയ്ഖ് ഷാജഹാന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയിരുന്നുവെന്നും ഇതോടെ ജനുവരി അഞ്ചിന് ഇയാൾ ഒളിവിൽ പോയെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

2019ൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ‌. റേഷൻ–ഭൂമി കുംഭകോണങ്ങൾ‌, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ സംഭവങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗാളിൽ വൈദ്യുതി വകുപ്പ് ജീവനക്കാർക്കെതിരെ ആക്രമണം നടത്തിയ കേസിലും ഷെയ്ഖ് ഷാജഹാൻ പ്രതിയാണ്.