ആദ്യം വിശ്വാസം നേടി മയക്കിയെടുക്കും, ഒടുവിൽ നടത്തുന്നത് കോടികളുടെ വേട്ട, ഇവർക്ക് പ്രിയം കേരളത്തിലെ സ്ത്രീകളെയും യുവാക്കളെയും

Thursday 29 February 2024 11:29 AM IST

കൊല്ലം: കളം നിറഞ്ഞാടുന്ന സൈബർ തട്ടിപ്പുകൾ കാരണം ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലായി നാട്. കഴിഞ്ഞ ദിവസം 40 ലക്ഷം രൂപയാണ് കൊല്ലം സ്വദേശിയിൽ നിന്ന് തട്ടിയെുത്തത്. ഫോണിൽ വരുന്ന സന്ദേശങ്ങൾ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാനാവാതെ കെണിയിൽ വീഴുന്നവരുടെ കാശാണ് നഷ്ടമാകുന്നത്. ഇതിനിടെ, ലോൺ ആപ്പുകൾ വഴിയുള്ള പണം തട്ടൽ പരാതികൾ കുറയുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

വ്യാജ പാഴ്സൽ അയച്ച് ഭീഷണിപ്പെടുത്തിയും സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വഴിയും പണം തട്ടൽ, ഓൺലൈൻ ജോലി തട്ടിപ്പ്, മൊബൈൽ ലിങ്കുകളിലൂടെ തട്ടിപ്പ് തുടങ്ങിയവയാണ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയി​ൽ വ്യാജ പരസ്യങ്ങളി​ലൂടെ ഇരകളുടെ വിശ്വാസം നേടി​യെടുക്കും. പരസ്യത്തിൽ വിശ്വസനീയമായ സന്ദേശത്തോടൊപ്പം ലിങ്കും ഉൾപ്പെടുത്തും. ലിങ്ക് തുറക്കുന്നതോടെ വ്യക്തിവിവരങ്ങളടക്കം തട്ടിപ്പുകാരുടെ കൈകളിലെത്തും. ആദ്യ ഇടപാടുകളിൽ ചെറിയ തുകകൾ ലാഭമായി സമ്മാനിക്കും. തുടർന്ന് വൻ തുകകളുടെ ഇടപാട് നടത്തി​യാണ് വഞ്ചി​ക്കുന്നത്. കുറച്ച് പണം മുടക്കിയാൽ ഇരട്ടിമൂല്യമുള്ള ക്രിപ്റ്റോ കറൻസി സ്വന്തമാക്കാമെന്ന് വാഗ്ദാനം ചെയ്തും തട്ടി​പ്പ് നടക്കുന്നുണ്ട്.പ്രമുഖ കമ്പനികളുടെ പേരിലും വ്യാജ പരസ്യങ്ങൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. ടെലഗ്രാമാണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്.

കുടുങ്ങുന്നത് യുവാക്കളും സ്ത്രീകളും

1. കെണിയിൽ വീഴുന്നവരിലേറെയും യുവാക്കളും സ്ത്രീകളും

2. പരിചയമില്ലാത്ത കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകരുത്

3. അപരിചിതമായ ലിങ്കുകൾ തുറക്കരുത്

പറ്റിക്കപ്പട്ടാൽ പരാതിപ്പെടണം

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ വിവരം അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതിപ്പെടാം.