സിദ്ധാർത്ഥിന്റെ മരണം; പ്രധാന പ്രതി അഖിൽ പാലക്കാട്ട് പിടിയിൽ
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി അഖിൽ പിടിയിൽ. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടാം വർഷ ബിവിഎസ്‌പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്. ഈ മാസം 14 മുതൽ 18 ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പ്രതികൾ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. പരസ്യ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഘത്തിൽപ്പെട്ടവരാണിവർ. തിരുവനന്തപുരം പാലക്കണ്ടിയിൽ രെഹാൻ ബിനോയ്(20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി. ആകാശ് (22), നന്ദിയോട് ശ്രീനിലയം ആർ.ഡി. ശ്രീഹരി(23), ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്.അഭിഷേക്(23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ ഡോൺസ് ഡായ് (23), സുൽത്താൻ ബത്തേരി ചുങ്കം തെന്നിക്കോട് ബിൽഗേറ്റ്സ് ജോഷ്വ(23) എന്നിവരെയാണ് ഡിവൈ.എസ്.പി ടി.എൻ.സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയത്. മൊത്തം 20ലേറെ പ്രതികളുണ്ട്. റാഗിംഗിനെ തുടർന്ന് കോളേജിൽ നിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട 12പേരിൽ ഉൾപ്പെട്ടവരല്ല അറസ്റ്റിലായവർ. ഇവർ ഒളിവിലാണ്.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോളേജിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം വിദ്യാർത്ഥികൾ ഹോസ്റ്റലിലും കോളേജിന് പിന്നിലെ കുന്നിൻമുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി ക്രൂരമായി മർദ്ദിച്ചത്. 150 ഓളം വിദ്യാർത്ഥികൾക്കിടയിൽ വച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. ഭക്ഷണംപോലും നൽകിയില്ലെന്നും ആരോപണമുണ്ട്. വീട്ടിലേക്കുപോകാൻ എറണാകുളം വരെ എത്തിയ സിദ്ധാർത്ഥിനെ തിരിച്ചുവിളിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.