ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എഐസിസി സ്ക്രീനിംഗ് യോഗത്തിൽ അറിയിച്ചതായി സൂചന. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ലെന്ന് സുധാകരൻ അറിയിച്ചത്.യോഗത്തിലെ തീരുമാനങ്ങൾ ന്യൂഡൽഹിയിലെ കേന്ദ്ര അതോറിറ്റി യോഗത്തിൽ ചർച്ച ചെയ്യും.
സിപിഎം സ്ഥാനാർത്ഥിയായി എം വി ജയരാജൻ മത്സരിക്കുന്നതിനാൽ കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അതിനാൽ തന്നെ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കട്ടേയെന്ന വികാരമാണ് യോഗത്തിലുണ്ടായത്. മണ്ഡലത്തിൽ സുധാകരൻ മത്സരിച്ചില്ലെങ്കിൽ പകരം കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിനെ സ്ഥാനാർത്ഥിയാക്കുമെന്ന വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹരീഷ് ചൗധരി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും പങ്കെടുത്തു. സ്ഥാനാർത്ഥികളെ സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകും. സുധാകരൻ മത്സരിക്കില്ല എന്ന പ്രചാരണത്തെ സംബന്ധിച്ച് പ്രതികരണത്തിനില്ലെന്നും വി ഡി സതീശൻ പറഞ്ഞു.