കരിമ്പിൽ രാഘവന്റെ സദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് പയ്യന്നൂർക്ക് വരാം, ദിവസവും ഊട്ടുന്നത് പതിനായിരത്തിന് മുകളിൽ

Thursday 29 February 2024 3:19 PM IST

പയ്യന്നൂർ: ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നെത്തിയ കാപ്പാട്ട് കഴകത്തിലെ പെരുങ്കളിയാട്ടത്തിന് ദിവസവും രണ്ടുനേരം പതിനായിരങ്ങൾക്ക് അന്നപ്രസാദം ഒരുക്കുന്നത് കരിമ്പിൽ രാഘവന്റെ നേതൃത്വത്തിൽ. മൂന്നര പതിറ്റാണ്ടിന്റ അനുഭവ സമ്പത്തുള്ള രാഘവൻ തന്നെയാണ് നേരത്തെ പെരുങ്കളിയാട്ടങ്ങൾ നടന്ന കണ്ണമംഗലം കഴകം, പള്ളിക്കര കേണമംഗലം കഴകം, പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും അന്നപ്രസാദം ഒരുക്കിയത്. പാചക രംഗത്തെ മികവിന് കേരള ഫോക്‌ലോർ അക്കാഡമി പാചക കലാ പുരസ്‌കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സ്‌കൂൾ കലോത്സവങ്ങൾ, കളിയാട്ട കാവുകൾ, സമ്മേളനങ്ങൾ, വിവാഹങ്ങൾ തുടങ്ങി ഉത്തരമലബാറിലെ പ്രമുഖ പരിപാടികൾക്കെല്ലാം രാഘവൻ തന്റെ രുചിക്കൂട്ടുകൾ പകർന്നു നൽകിയിട്ടുണ്ട്. സംസ്ഥാന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവം, റവന്യു ജില്ലാ കലോത്സവം തുടങ്ങി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിരവധി ഉപജില്ലാ കലാകായിക മേളകൾക്കും ഭക്ഷണമൊരുക്കി പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പാചക വിദഗ്ദ്ധരായ മധു കണിച്ചുകുളങ്ങര, പ്രകാശൻ കൊടക്കാട്, രാധാകൃഷ്ണൻ നീലേശ്വരം, അനിൽ കേളോത്ത് തുടങ്ങിയവരും പ്രധാന സഹായികളായി രാഘവനൊപ്പം കാപ്പാട്ട് കലവറയിലുണ്ട്.

രാഘവനും സഹായികൾക്കുമൊപ്പം ഒരുകൂട്ടം വാല്യക്കാരും വ്രതശുദ്ധിയോടെ പുറംലോകത്തെ കാഴ്ചകളൊന്നും കാണാതെയും അറിയാതെയും രാപ്പകൽ ഭേദമില്ലാതെ കലവറയിൽ അന്നദാനത്തിനുള്ള വിഭവമൊരുക്കുന്ന ജോലികളിൽ വ്യാപൃതരാണ്.

കൂട്ടുകറി, സാമ്പാർ, അച്ചാർ തുടങ്ങി നാലു തരം കറികളും ചോറുമാണ് ദിവസവും രണ്ടു നേരം അന്നപ്രസാദമായി നൽകുന്നത്. ഭഗവതിമാരുടെ തിരുമുടി ഉയരുന്ന മാർച്ച് 3ന് ഞായറാഴ്ച പ്രഥമൻ അടക്കമുള്ള സദ്യയാണ് നൽകുക.