ജോർജ് കുട്ടിയും കുടുംബവും ഇനി ഇംഗ്ലീഷ് സംസാരിക്കും,​ ദൃശ്യം ഹോളിവുഡിലേക്ക്

Thursday 29 February 2024 7:53 PM IST

മലയാളത്തിലെ എക്കാലത്തെയും സൂപ്പ‌ർഹിറ്റ് ചിത്രമായ ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക്. ദൃശ്യം ഹോളിവുഡ് റീമേക്കിനുള്ള വർക്കുകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റിമേക്കിനായി ഗൾഫ് സ്ട്രീം പിക്‌ചേഴ്‌സ്,​ ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോർത്തതായി നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന്റെ കൊറിയൻ റീമേക്കിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമ്മാണ കമ്പനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയൻ ഭാഷയിലും പുറത്തിറക്കിയ ശേഷം പത്ത് രാജ്യങ്ങളിൽ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2013 ഡിസംബർ 13നാണ് റിലീസ് ചെയ്തത്. മീന ,അൻസിബ ഹസ്സൻ ,എസ്തർ അനിൽ , കലാഭവൻ ഷാജോൺ, ആശാ ശരത്, സിദ്ദിഖ്, റോഷൻ ബഷീർ , നീരജ് മാധവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം വൻവിജയമായതോടെ ഹിന്ദി,​ തമിഴ്,​ തെലുങ്ക്,​ കന്നഡ,​ സിംഹള,​ മാൻഡറിൻ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഒ.ടി.ടി റിലീസായി എത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗവും സൂപ്പർഹിറ്റായിരുന്നു.