8.4% വളർച്ചയുമായി ഇന്ത്യൻ കുതിപ്പ്

Friday 01 March 2024 4:05 AM IST

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ( ഒക്ടോബർ - ഡിസംബർ ) ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ (ജി.ഡി.പി) 8.4 ശതമാനം വളർച്ചയുമായി ഇന്ത്യയുടെ കുതിപ്പ്. റിസർവ് ബാങ്കും ധനമന്ത്രാലയവും ലക്ഷ്യമിട്ടതിലും വളരെ മുകളിലാണിത്. ധനകാര്യ ഏജൻസികളുടെ എല്ലാ പ്രവചനങ്ങളും കാറ്റിൽ പറത്തിയാണ് ഇന്ത്യയുടെ വളർച്ച. നടപ്പുസാമ്പത്തിക വർഷം വളർച്ച 7.6 ശതമാനമാകുമെന്നും സർക്കാർ വിലയിരുത്തുന്നു. ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്തവണ.

ഏപ്രിൽ - ജൂൺ പാദത്തിൽ വളർച്ച 8.2 ശതമാനമായും ജൂലായ് - സെപ്തംബർ പാദത്തിൽ 8.1 ശതമാനമായും സർക്കാർ പുതുക്കി.

ഡിസംബർ വരെയുള്ള മൂന്ന് മാസം മാനുഫാക്ചറിംഗ് മേഖല 11.6 ശതമാനവും നിർമ്മാണ മേഖല 9.5 ശതമാനവും വളർച്ച നേടി. കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രശ്നങ്ങളും മൂലം കാർഷിക മേഖലയിലെ നെഗറ്റീവ് വളർച്ചയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി.

ചൈന തളരുമ്പോൾ ഇന്ത്യ വളരുന്നു

ഒക്ടോബർ - ഡിസംബറിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വളർച്ച നേടുന്ന സാമ്പത്തിക ശക്തിയായി. ചൈനയുടെ ജി.ഡി.പി വളർച്ച 5.2 ശതമാനം മാത്രം. ഉണർവ് കണക്കിലെടുത്താൽ പ്രതീക്ഷിച്ചതിലും മുൻപ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement