ഗൃഹനാഥന്റെ മരണം; രണ്ടാം ഭാര്യയും മകനും അറസ്‌റ്റിൽ

Friday 01 March 2024 1:02 AM IST

കല്ലമ്പലം: സ്വത്ത് തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന നാവായിക്കുളം മുക്കുകട കൂനൻ ചാലിൽ എ.എൻ മൻസിലിൽ അബ്ദുൽ മജീദ് (69) മരിച്ചു.സംഭവത്തിൽ രണ്ടാം ഭാര്യയേയും മകനെയും കല്ലമ്പലം പൊലീസ് അറസ്‌റ്റ് ചെയ്‌തു.മുക്കുകട കൂനൻചാൽ എ.എൻ മൻസിലിൽ ബീവികുഞ്ഞ് (52),മുഹമ്മദ് ഷാൻ (28)എന്നിവരാണ് അറസ്റ്റിലായത്.കേസിൽ പ്രതിയായ മകളെ കൂടി കിട്ടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ഏറെനാളായി സ്വത്ത് തർക്കത്തെ തുടർന്ന് അബ്ദുൽ മജീദ് ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ 20ന് രാത്രി 10ന് നടന്ന തർക്കത്തിലാണ് അബ്‌ദുൽ മജീദിന് ഭാര്യയുടെയും മകന്റെയും മർദ്ദനമേറ്റത്.തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ബീവിക്കുഞ്ഞിനെയും മകനെയും ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷിക്കുകയും വിശദമായി അന്വേഷണം നടത്തുകയും ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.