ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക തയ്യാർ, പ്രഖ്യാപനം ഇന്ന്

Friday 01 March 2024 12:59 AM IST

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അനുമതി നൽകാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായി. ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. കേരളത്തിലെ സ്ഥാനാർത്ഥികളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എന്നിവർ ജെ.പി.നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ അടങ്ങിയ ആദ്യ സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അന്തിമ രൂപം നൽകിയെന്നാണ് സൂചന. നൂറോളം പേരുടെ പട്ടിക ആദ്യം പുറത്തിറക്കുമെന്നാണ് വിവരം. ബി.ജെ.പി ഇതുവരെ ജയിച്ചിട്ടില്ലാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സീറ്റുകളും പട്ടികയിലുണ്ടാകും. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), സുരേഷ് ഗോപി (തൃശൂർ), വി.മുരളീധരൻ (ആറ്റിങ്ങൽ) തുടങ്ങിയവർക്കാണ് സാദ്ധ്യത. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ എസ്.ജയശങ്കർ, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട്.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ സിറ്റിംഗ് സീറ്റായ ന്യൂഡൽഹിയിൽ ഡൽഹി ഘടകം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി, അന്തരിച്ച സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് തുടങ്ങിയവരുടെ പേരുകളുമുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പ്രധാനമന്ത്രി മോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ബി.എസ്. യെദിയൂരപ്പ, സർബാനന്ദ സോണോവാൾ, ഭൂപേന്ദ്ര യാദവ്, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന ഘടകം തയ്യാറാക്കിയ 16 മണ്ഡലങ്ങളിലെ സാദ്ധ്യത പട്ടികയുമായാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.