വടികൊണ്ട് പൊതിരെ തല്ലി, സൈക്കിൾ എടുത്തെറിഞ്ഞു; ജെഎൻയു ക്യാമ്പസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽത്തല്ല്; വീഡിയോ

Friday 01 March 2024 9:59 AM IST

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘങ്ങൾ തമ്മിൽ സംഘർഷം. ക്യാമ്പസിലെ ആൺകുട്ടികളും പെൺകുട്ടികളും പരസ്‌പരം ഏറ്റുമുട്ടി. വടികൊണ്ട് അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ എടുത്തെറിഞ്ഞും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വിദ്യാർത്ഥികൾ സംഘർഷത്തിലേർപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ സർവകലാശാലയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എത്ര വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നതും വ്യക്തമല്ല.