ആശ്വസിപ്പിക്കാൻ വന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർത്ഥന്റെ അമ്മ ഒരക്ഷരം മിണ്ടിയില്ല, അച്ഛനോട് ഉത്തരം മുട്ടി
തിരുവനന്തപുരം: മൂന്ന് ദിവസം ഹോസ്റ്റൽ റൂമിൽ ഒരു തുള്ളി വെള്ളം കൊടുക്കാതെ ഭീകര മർദ്ദനം. ഇവരൊക്കെ മനുഷ്യരല്ലേ, ഒപ്പം പഠിക്കുന്ന കുട്ടിയോട് എങ്ങനെ സാധിച്ചു ഈ ക്രൂരകൃത്യം ? - സിദ്ധാർത്ഥന്റെ അച്ഛൻ നെടുമങ്ങാട് കുറക്കോട് സ്വദേശി ജയപ്രകാശ്, വീട്ടിലെത്തിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീക്ക് മുന്നിൽ നിറകണ്ണുകളോടെ ചോദിച്ചു. 'പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ആദ്യ ഭാഗം വായിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്റെ മകനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൈശാചികമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയതാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന മാനിച്ചാണ് പത്രങ്ങൾക്ക് കൊടുക്കാത്തത്.
എസ്.എഫ്.ഐയിൽ ചേരാൻ തയ്യാറായിരുന്നെങ്കിൽ അവനെ ഞങ്ങൾക്ക് നഷ്ടപ്പെടില്ലായിരുന്നു. ഭീഷണി ഭയന്ന് മോന്റെ ഉറ്റ കൂട്ടുകാരും റൂം മേറ്റ്സും എസ്.എഫ്.ഐയിൽ ചേർന്നു. അവരുടെ മുന്നിൽ നഗ്നനാക്കി കാലുകൾ ഇലക്ട്രിക് വയർ കൊണ്ട് ചുറ്റിവരിഞ്ഞ ശേഷം ബെൽറ്റിനടിച്ചു "...
കാമ്പസിൽ ലഹരി ഉപയോഗത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സീനിയർ വിദ്യാർത്ഥി സിഞ്ചോയാണ് പ്രധാന പ്രതി. ഇയാൾ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയാണ്. പഠനത്തിലും ഫോട്ടോഗ്രഫിയിലും സംഘാടനത്തിലും പേരെടുത്ത മകനോടു സിഞ്ചോയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. വാലന്റൈൻസ് ദിനത്തിൽ സീനിയർ പെൺകുട്ടികൾ മകനൊപ്പം നൃത്തം വച്ചത് സിഞ്ചോയ്ക്കും കൂട്ടർക്കും സഹിച്ചില്ല. മരണത്തെ തുടർന്ന് സിഞ്ചോ ഉൾപ്പടെ 12 പേരെ കോളേജിൽ നിന്ന് സസ്പന്റ് ചെയ്തിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ല. ഇതിനു പിന്നിൽ ഉന്നത ഇടപെടലുണ്ട്. കേസ് സത്യസന്ധമായി അന്വേഷിച്ച് മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം""- ജയപ്രകാശിന്റെ വാക്കുകൾക്ക് മുന്നിൽ വിദ്യാർത്ഥി നേതാക്കൾക്ക് ഉത്തരം മുട്ടി.
സമാശ്വസിപ്പിക്കാനെത്തിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനോട് സിദ്ധാർത്ഥന്റെ അമ്മ ഷീബ ഒരക്ഷരം പോലും ഉരിയാടിയില്ല. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്, ജില്ലാ സെക്രട്ടറി ആദർശ് എസ്.കെ, ജില്ലാ പ്രസിഡന്റ് നന്ദൻ എന്നിവരോടൊപ്പം ഇന്നലെ ഉച്ചയോടെയാണ് അനുശ്രീ സിദ്ധാർത്ഥന്റെ വീട്ടിലെത്തിയത്.
പങ്കുള്ളവരെ പുറത്താക്കി : അനുശ്രീ
സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളായ പ്രവർത്തകരെ എസ്.എഫ്.ഐ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് അനുശ്രീ കേരളകൗമുദിയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്. യാതൊരു കാരണവശാലും കുറ്റക്കാരെ സംരക്ഷിക്കില്ല.