9000 കോടി ചെലവിട്ട ഗഗൻയാൻ ഇന്ത്യക്കാരുടെ ജീവിതം എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് അറിഞ്ഞോളൂ,
നാല് ഇന്ത്യക്കാരെ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിക്കുകയും, സുക്ഷിതരായി തിരികെ ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ഗഗൻയാൻ ദൗത്യം വിജയിക്കുന്നതോടെ ഇന്ത്യ ബഹിരാകാശ മേഖലയിൽ ലോക നെറുകയിലെത്തും. ഇപ്പോൾത്തന്നെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളർന്ന ഇന്ത്യയ്ക്ക് വിവിധ മേഖലകളിലെ കുതിപ്പും ആഗോളതലത്തിൽ മികച്ച പ്രതിച്ഛായയുമാകും ഗഗൻയാൻ വിജയം സമ്മാനിക്കുക.
ബഹിരാകാശവുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടാൻ ഈ ദൗത്യം സഹായിക്കും. ഗഗൻയാൻ വിജയകരമായാൽ ബഹിരാകാശ പര്യവേഷണ സാങ്കേതികവിദ്യകളും ഉപഗ്രഹ നിർമ്മാണവുമായി ബന്ധപ്പെട്ട കമ്പനികളെത്തേടി നിക്ഷേപകർ ഇന്ത്യയിലേക്കെത്തും. ഇതുവരെ അധികം വികസിച്ചിട്ടില്ലാത്ത സ്പെയ്സ് ഇൻഡസ്ട്രിയിൽ ഇന്ത്യയ്ക്ക് വൻ സാധ്യതകൾ ഗഗൻയാൻ തുറന്നുവയ്ക്കും. ഇതു മുന്നിൽക്കണ്ട് സ്പെയ്സ് ഇൻഡസ്ട്രിയിൽ നൂറു ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.
സാങ്കേതിക മേഖലയിലെ നേട്ടമാണ് മറ്റൊന്ന്. ശാസ്ത്ര- സാങ്കേതിക മേഖലയിൽ സ്വന്തം വഴി വെട്ടിത്തുറക്കാനും ആഗോളതലത്തിൽ തിളങ്ങാനും ഇന്ത്യയ്ക്കാകും. ഗഗൻയാൻ പോലുള്ള ഒരു പദ്ധതി സ്വന്തം സാങ്കേതിക തികവിനാൽ വിജയിപ്പിക്കുന്നത് ഇന്ത്യൻ സാങ്കേതിക വിദ്യയുടെ വിശ്വാസ്യതയാണ് വർദ്ധിപ്പിക്കുക. ഇത് ഡിമാൻഡ് കൂട്ടും. ഗവേഷണ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ഗഗൻയാൻ വൻ മാറ്റങ്ങൾ വരുത്തും. ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്ക് പ്രാമുഖ്യം കൂടും. വിദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇങ്ങോട്ടെത്തുന്ന സാഹചര്യമുണ്ടാകും.
ഗഗൻയാൻ വിജയം യുവാക്കൾക്ക് പ്രചോദനമാകും. ഈ രംഗത്തേക്ക് കൂടുതൽ മിടുക്കരെ ആകർഷിക്കാനാകും. ദേശീയ ബോധം ജ്വലിപ്പിക്കാനാകുമെന്നതാണ് മറ്റൊരു മികച്ച ഫലം. ഗഗൻയാൻ വിജയമാക്കുന്നതിന് രണ്ടു വിഭാഗങ്ങളോടാണ് ഇന്ത്യ നന്ദി പറയേണ്ടത്. അത് ഐ.എസ്.ആർ.ഒ ജീവനക്കാരോടും, ബഹിരാകാശത്തേക്കു പോകാൻ സന്നദ്ധരായ പ്രശാന്ത് ബി. നായർ, അജിത്ത് കൃഷ്ണൻ, അംഗദ് പ്രതാപ്, ശുബാൻഷു ശുക്ല എന്നീ യുവാക്കളോടുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ യാത്രയെന്ന ആശയം മുന്നോട്ടുവച്ചതെങ്കിലും അത് സാദ്ധ്യമാക്കാൻ ചില്ലറ പ്രയത്നമൊന്നുമല്ല ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരും ജീവനക്കാരും നടത്തുന്നത്. ആവശ്യമായ സാങ്കേതിക വിദ്യകൾ അവർ സ്വയം വികസിപ്പിക്കുകയായിരുന്നു. കഠിന പരിശീലന സാഹചര്യങ്ങൾ അതിജീവിച്ചാണ് ഈ യുവാക്കൾ അതീവ സാഹസികമായ ദൗത്യത്തിന് ഒരുങ്ങുന്നതെന്നും ഓർക്കണം.
രണ്ടു രാജ്യങ്ങൾ, മൂന്നു വർഷം
ഇന്ത്യയിലും റഷ്യയിലുമായി മൂന്നു വർഷത്തെ പരിശീലനത്തിനൊടുവിലാണ് നാല് ബഹിരാകാശ യാത്രികർ പറക്കലിന് സജ്ജരായത്. റഷ്യയിലും ബംഗളൂരുവിലുമായിട്ടായിരുന്നു പരിശീലനം . വ്യോമസനയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോസ്‌പേസ് മെഡിസിൻ ആണ് യാത്രികരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടത്തിയത്. 2019-ൽ ഇവരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. മാനസിക പിരിമുറക്കങ്ങൾ ഒഴിവാക്കാനുള്ള കൗൺസലിങ്, യോഗ, ശാരീരിക പരിശീലനങ്ങൾ, സ്പേസ് സ്യൂട്ട് ട്രെയിനിംഗ് തുടങ്ങി കഠിനമായ പരിശീലന ഘട്ടങ്ങളിലൂടെയാണ് ഇവർ കടന്നുപോയത്.
ഐ.എസ്.ആർ.ഒയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസും ചേർന്നാണ് ഇവർക്ക് പരിശീലനം നൽകിയത്. 59 ശാരീരിക പരിശീലന സെഷനുകളിൽ ഇവർ പങ്കെടുത്തു. ഗഗൻയാനിലെ എൻജിനിയറിംഗ് വിഭാഗത്തെ കുറിച്ചുള്ള പരിശീലനങ്ങൾ, എയ്റോ മെഡിക്കൽ പരിശീലനങ്ങൾ, റിക്കവറി ആൻഡ് സർവൈവൽ ട്രെയിനിംഗ്, പാരാബോളിക് ഫ്‌ളൈറ്റുകളിലൂടെ മൈക്രോ ഗ്രാവിറ്റി പരിചയപ്പെടുത്തൽ തുടങ്ങിയ പരിശീലനങ്ങളാണ് ഇന്ത്യയിൽ പ്രധാനമായും നടന്നത്. കൃത്യമായ ഇടവേളകളിൽ പരിശീലന പറക്കലുകളും യോഗ പരിശീലനവും.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ 1984-ൽ പരിശീലനം നേടിയ റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനോട്ട് ട്രെയിനിംഗ് സെന്ററിൽ തന്നെയായിരുന്നു ഇത്തവണയും യാത്രികരുടെ പരിശീലനം. മോസ്‌കോയുടെ വടക്കു ഭാഗത്തുള്ള സ്റ്റാർ സിറ്റിയിലെ ഈ പരിശീലന കേന്ദ്രം അത്യാധുനിക സൗകര്യങ്ങൾക്ക് പേരുകേട്ടതാണ്. 13 മാസമായിരുന്നു റഷ്യയിലെ പരിശീലനകാലം. വ്യോമസേനാ വിംഗ് കമാൻഡറായിരുന്ന രാകേഷ് ശർമ 1984 ഏപ്രിൽ മൂന്നിന് റഷ്യയുടെ സോയൂസ് ടി 11 പേടകത്തിലാണ് ബഹിരാകാശ യാത്ര നടത്തിയത്. ദൗത്യത്തിന്റെ ഭാഗമായി പേടകം സല്യൂട്ട് 7 ഓർബിറ്റൽ സ്റ്റേഷനിൽ ഡോക്ക് ചെയ്തു. തുടർന്ന് രാകേഷ് ശർമ ഉൾപ്പെടുന്ന യാത്രികസംഘം ഏഴു ദിവസവും 21 മണിക്കൂറും 40 മിനിട്ടും സല്യൂട്ട് 7ൽ ചെലവഴിച്ചു.
ഗഗൻയാൻ പദ്ധതിയിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ സഹായം കിട്ടിയത് റഷ്യയിൽ നിന്നാണ്. യാത്രികരെ തിരഞ്ഞെടുക്കുന്നതു മുതൽ പരിശീലനം നൽകുന്നതിൽ വരെ റഷ്യ സഹായ ഹസ്തവുമായുണ്ടായിരുന്നു.
60 പൈലറ്റുമാരിൽ നിന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. പല്ലുകളുടെ വിടവും കേടുംവരെ പരിശോധനയ്ക്ക് വിധേയമാക്കി. റഷ്യൻ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ഏഴുപേർ മാത്രമാണ് ആദ്യ ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ടത്.
കാഴ്ച പരിമിതിയും കേൾവിക്കുറവുമൊക്കെ ബഹിരാകാശ ദൗത്യത്തിനു പുറപ്പെടുന്നവർക്ക് വെല്ലുവിളിയാണ്. രണ്ടാമത്തെ ബാച്ചിൽ ഐ.എ.എം 15 പേരെ തിരഞ്ഞെടുക്കുകയും ഇതിൽ 12 പേരെ റഷ്യൻ വിദഗ്ദ്ധർ അംഗീകരിക്കുകയും ചെയ്തു. സെലക്ഷനുവേണ്ടി എത്തിയ 60 പേരും ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ശാരീരിക ക്ഷമതയുള്ള പൈലറ്റുമാരായിരുന്നു. ഗഗൻയാൻ ദൗത്യത്തിനായുള്ള തിരഞ്ഞെടുപ്പിന് പ്രധാനമായും നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യം ശാരീരിക അവസ്ഥയും മെഡിക്കൽ ഹിസ്റ്ററിയും വിലയിരുത്തി. രണ്ടാം ഘട്ടത്തിൽ മാനസികാരോഗ്യം. മൂന്നാം ഘട്ടത്തിൽ എയ്റോ മെഡിക്കൽ സമ്മർദങ്ങളെ അതിജീവിക്കാൻ ശേഷിയുണ്ടോ എന്ന് പരിശോധിച്ചു. ഇതെല്ലാം താണ്ടിവന്നവരിൽ നിന്ന് ഏറ്റവും യോഗ്യരായവരെ നാലാം ഘട്ടത്തിൽ തിരഞ്ഞെടുത്തു.
ഏറ്റവും ഒടുവിൽ ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെട്ടതിനെ തുടർന്ന് ഗഗൻയാനിലെ യാത്രികരിലൊരാളെ സ്പെയ്സ് സ്റ്റേഷനിൽ സന്ദർശനത്തിന് എത്തിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. ബഹിരാകാശ യാത്രയുടെ പ്രയോഗികത മനസിലാക്കാൻ ഇത് സഹായകമാകും. നേരത്തേ റഷ്യയും ഈ വാഗ്ദാനം നൽകിയിരുന്നെങ്കിലും യുക്രെയിൻ യുദ്ധം വന്നതോടെ അതു നടപ്പായില്ല. തുടർന്നാണ് വാഗ്ദാനവുമായി അമേരിക്ക എത്തിയത്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയും സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യ സ്വീകരിച്ചില്ല.