വിദ്യാർത്ഥികൾ ആനന്ദം കണ്ടെത്തുന്ന ക്രൂര വിനോദം; നഷ്ടമായത് 25 കുടുംബങ്ങളുടെ പ്രതീക്ഷ, റാഗിംഗ് അന്നും ഇന്നും കുട്ടിക്കളിയല്ല
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ചർച്ച ചെയ്യുന്ന വിഷയമാണ് റാഗിംഗ്. കഴിഞ്ഞ മാസം 18നാണ് രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് പവിത്രത്തിൽ സിദ്ധാർത്ഥിനെ (21) കുളിമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഹോസ്റ്റലിൽ നടന്ന റാഗിംഗിനെത്തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ക്യാമ്പസുകളിലെ റാഗിംഗ് കുട്ടിക്കളിയല്ലെന്ന് മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
രണ്ടുവർഷം ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ് റാഗിംഗ്. നാട്ടകം പോളിടെക്നിക്കിലെ റാഗിംഗ് കേസിൽ ഒമ്പത് വിദ്യാർത്ഥികളെ അടുത്തിടെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിദ്യാർത്ഥികളെ നഗ്നരാക്കി നിറുത്തി ഒറ്റക്കാലിൽ 'തപസുചെയ്യിച്ചും' പാട്ടുപാടിച്ചും ബലമായി മദ്യം കുടിപ്പിച്ചുമൊക്കെയായിരുന്നു റാഗിംഗെന്ന പേരിലെ അക്രമം. ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗെന്ന വ്യാജേന മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രാജ്യത്ത് അഞ്ച് വർഷത്തിനിടെ റാഗിംഗിനിരയായ 25വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് യുജിസിയുടെ കണക്ക്. ഇന്ത്യയിൽ റാംഗിഗ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇത് പലയിടത്തും നടക്കാറുണ്ട്.
റാഗിംഗ്
ഒരു കുപ്രസിദ്ധമായ സമ്പ്രദായമാണ് റാംഗിഗ് എന്ന് പറയുന്നത്. കോളേജിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ സ്വാഗതം ചെയ്യുന്നതിന് പല വഴികൾ തിരഞ്ഞെടുക്കുന്നു. ഇതാണ് പിന്നീട് റാഗിംഗ് എന്ന കുപ്രസിദ്ധമായ സമ്പ്രദായത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗിന്റെ പരിധിയിൽ വരും. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം ഉണ്ടാക്കുന്നതും കളിയാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗാണ്.
റാഗിംഗ് നിരോധനം
1996 നവംബർ ആറിന് തമിഴ്നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലെെ യൂണിവേഴ്സിറ്റിയിലെ രാജാ മുത്തയ്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി റാഗിംഗിനെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് റാഗിംഗ് നിരോധന നിയമം 2001ൽ ഇന്ത്യയിൽ പാസാക്കിയത്. 2009ൽ ധർമ്മശാലയിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥി അമൻ കച്‌റു റാഗിംഗ് മൂലം മരിച്ചത്തോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിംഗ് വിരുദ്ധ നിയമം കർശനമായി പാലിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹിമാചൽ പ്രദേശിലെ മെഡിക്കൽ വിദ്യാർഥിയായ അമൻ കച്‌റു റാഗിംഗുമായി ബന്ധപ്പെട്ട സീനിയേഴ്സിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഈ കേസ് ചലനം സൃഷ്ടിച്ചു.
ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തോ അകത്തോ റാഗിംഗിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം. കൂടാതെ കുറ്റക്കാരനായ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല. പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം, പരാതി അവഗണിച്ചാൽ പ്രതിക്ക് നൽകുന്ന ശിക്ഷകിട്ടും.
തുടക്കം
സ്വതന്ത്രത്തിന് മുൻപ് മുതൽ ഇന്ത്യയിൽ റാഗിംഗ് നിലനിന്നിരുന്നതായാണ് വിവരം. 1960 വരെ തമാശ രൂപത്തിലാണ് ഇത് നടന്നിരുന്നത്. എന്നാൽ ഇതിൽ പിന്നീട് ആക്രമണങ്ങൾ ഉൾപ്പെടുകയായിരുന്നു. മറ്റ് വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിനും കൊലപാതകത്തിന് വരെ റാഗിംഗ് കാരണമായി. 1990കളുടെ കാലത്ത് ദക്ഷിണേന്ത്യയിലെ നിരവധി വിദ്യാർത്ഥികളാണ് റാഗിംഗ് മൂലം ആത്മഹത്യ ചെയ്തത്. 1997ൽ ഏറ്റവും കൂടുതൽ റാഗിംഗ് കേസ് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലാണെന്നാണ് റിപ്പോർട്ട്. ഇന്നത്തെ യുവാക്കൾക്കിടെ റാഗിംഗ് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ഇത് പിന്തുടരാനുള്ള പ്രേരണയും കൂടുതലാണ്. ഇതിന് ശക്തമായ നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിലും വീണ്ടും പല ദുരന്തങ്ങൾക്കും സാക്ഷിയാകേണ്ടിവരും.
റാഗിംഗ് കേസുകൾ
2018 - 63
2019 - 43
2020 - 15
2021 - 14
2022 - 12