കോഴിക്കോട് എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു; പ്രതി പിടിയിൽ

Friday 01 March 2024 2:05 PM IST

കോഴിക്കോട്: മുക്കം എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അദ്ധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപമാണ് അദ്ധ്യാപകനെ ആക്രമിച്ചത്. ജയചന്ദ്രനെ ഇപ്പോൾ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം, പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. ഇരുവരും ഡൽഹി ഐഐടിയിൽ സഹപാഠികൾ ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. വ്യക്തമായ മറുപടിയല്ല ഇയാള്‍ നല്‍കുന്നത്. പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്‍റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ച മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്.