ചരക്ക് ട്രെയിൻ നിയന്ത്രിക്കാൻ ആളില്ലാതെ ഓടിയ സംഭവം; ലോക്കോ പൈലറ്റിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് റെയിൽവെ

Friday 01 March 2024 4:36 PM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കത്വ മുതൽ പഞ്ചാബിലെ പത്താൻകോട്ട് വരെ ഡ്രൈവറില്ലാതെ ചരക്ക് ട്രെയിൻ ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട് റെയിൽവെ. നോർത്തേൺ റെയിൽവെ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (സി.എം.ഇ) ആണ് അച്ചടക്ക നടപടിയെടുത്ത് നോട്ടീസ് പുറപ്പെടുവിച്ചത്. ലോക്കോ പൈലറ്റ് സന്ദീപ് കുമാറിനെയാണ് പിരിച്ചുവിട്ടത്.

ലോക്കോ പൈലറ്റ് സന്ദീപ് കുമാർ തന്റെ കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായും അദ്ദേഹത്തിന് റെയിൽവെ മാനദണ്ഡപ്രകാരമുള്ള ചുമതല നിറവേറ്റാനായില്ലെന്നും സിഎംഇ വ്യക്തമാക്കി. സംഭവം ഭയാനകമായ അപകടത്തിലേക്ക് നയിച്ചേനെയെന്നും സുരക്ഷയിൽ രാജ്യത്ത് ഇന്നുവരെ മുന്നിലുള്ള നോർത്തേൺ റെയിൽവെയുടെ സൽക്കീർത്തിയ്‌ക്ക് സംഭവം ദോഷമായി ബാധിച്ചുവെന്നും നോട്ടീസിലുണ്ട്.

ലോക്കോ പൈലറ്റിന്റെ അശ്രദ്ധ മൂലം ഏകദേശം 70 കിലോമീറ്ററാണ് 53 ബോഗികളുള്ള ചരക്കുവണ്ടി ഓടിയത്. ജലന്ധർ കന്റോൺമെന്റ് മുതൽ ജമ്മുതാവി വരെയുള്ള മേഖലയിൽ 12ഓളം ട്രെയിനുകൾ സംഭവത്തെ തുടർന്ന് തടഞ്ഞിടേണ്ടി വന്നു.

ജമ്മുവിലെ കത്വയിൽ ഫെബ്രുവരി 25ന് മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ ചരക്ക് ട്രെയിൻ നിർത്തിയശേഷം ലോക്കോപൈലറ്റ് ചായ കുടിക്കാൻ പോകുകയായിരുന്നു. തുടർന്ന് നീങ്ങിത്തുടങ്ങിയ ട്രെയിൻ 70 മുതൽ 75 കിലോമീറ്റർ വരെ വേഗത്തിലാണ് ഓടിയത്. പത്താൻകോട്ടിന് സമീപം ഉച്ചി ബാസിയിൽ പാളത്തിൽ മണൽ, തടിക്കട്ട എന്നിവയിട്ട ശേഷമാണ് ട്രെയിൻ നിർത്താനായത്.

സംഭവം നടന്നയുടൻ ലോക്കോപൈലറ്റടക്കം ആറ് ഉദ്യോഗസ്ഥരെ റെയിൽവെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഉന്നതസമിതിയുടെ അന്വേഷണവും സംഭവത്തിൽ ആരംഭിച്ചിരുന്നു.