വീട്ടില്‍ മദ്യ വില്‍പ്പന, പിടികൂടാനെത്തിയ എക്‌സൈസിനെ വലച്ച് പ്രതി

Friday 01 March 2024 7:01 PM IST

തൃശൂര്‍: വീട്ടില്‍ മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ നാരായണമംഗലം പാറയ്ക്കല്‍വീട്ടില്‍ നിതിനാണ് എക്‌സൈസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് കൊടുങ്ങല്ലൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. ഷംനാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മദ്യം വീട്ടില്‍ സൂക്ഷിച്ച് ഒന്നാംതിയതിയും ഡ്രൈഡേകളിലും ചില്ലറവില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്. നേരത്തെയും നിതിന്‍ ഇത്തരം കേസുകളില്‍ പ്രതിയായിട്ടുണ്ട്.

എക്‌സൈസ് സംഘം ഗേറ്റിനു പുറത്തെത്തിയപ്പോള്‍ ഇയാള്‍ നായയെ അഴിച്ചുവിട്ടശേഷം വീടിനു പിന്‍വശത്തുകൂടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 52 കുപ്പി മദ്യവും അത് കടത്താനുപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.