പോക്‌സോ കേസിലെ പ്രതിക്ക് 38 വർഷം തടവ്

Saturday 02 March 2024 1:02 AM IST

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ നാൽപത്തിമൂന്നുകാരന് 38 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിക്കുളങ്ങര സ്വദേശി ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ആഗസ്റ്റ് മാസത്തിലാണ് ലൈംഗികാതിക്രമ സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് ഇയാൾക്കെതതിരെ കേസ് ചാർജ് ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെയും 23 രേഖകളും 10 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്നും ഒരാളെയും സാക്ഷിയായി വിസ്തരിച്ചിരുന്നു.വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന എസ്. എൽ. സുധീഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എസ്.എസ്. ഷിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വിജു വാഴക്കാല ഹാജരായി.സീനിയർ സിവിൽ പോലീസ് ഓഫീസർ രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം 35 വർഷം കഠിനതടവിനും 1,25000 രൂപ പിഴയും പിഴയുടുക്കാതിരുന്നാൽ 19 മാസം വെറും തടവിനും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം വെറും തടവിനും 25,000 രൂപ പിഴ അടക്കുവാനും പിഴയൊടുക്കാതിരുന്നാൽ രണ്ടുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.