അമ്മയും കാമുകനും കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ഓടയിൽ,​ കണ്ടെത്തിയത് അഴുകിയ നിലയിൽ

Friday 01 March 2024 8:30 PM IST

തൃശൂർ : അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കു‌ഞ്ഞിന്റ മൃതദേഹം ഓടയിൽ അഴുകിയ നിലയിൽ കണ്ടെത്തി. തൃശൂർ‌ റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത അമ്മ ശ്രീപ്രിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂരിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്ന് പുറത്തുവന്നിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പിൽ ഉപേക്ഷിച്ചുവെന്നാണ് അമ്മ ശ്രീപ്രിയ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂർ‌ സ്വദേശിനി ശ്രീപ്രിയ ,​ കാമുകൻ ജയസൂര്യ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു,​. മൂന്നു മാസം മുൻപാണ് കൊലപാതകം നടന്നത് എന്നാണ് നിഗമനം

യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നുമാസം മുൻപാണ് തിരൂരിൽ എത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിൽ ഒരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൂന്നുമാസം മുൻപ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസിൽ മൊഴി നൽകി. ജയസൂര്യയും അച്ഛനും ചേർന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനിൽ കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിലെ സ്റ്റെപ്പിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. ജയസൂര്യയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.