പരീക്ഷകളെ മത്സരമായി കാണരുത്

Saturday 02 March 2024 12:51 AM IST

വീണ്ടും ഒരു പരീക്ഷാക്കാലം വന്നിരിക്കുകയാണ്. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് നാലിനാണ് ആരംഭിക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ 2,921 കേന്ദ്രങ്ങളിലായി 4,27,105 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ആകെ പരീക്ഷ കേന്ദ്രങ്ങളിൽ 2,955 എണ്ണം കേരളത്തിലാണ്.

11, 12 ക്ലാസ് പൊതു പരീക്ഷ ഇന്നലെയാണ് ആരംഭിച്ചത്. ഒന്നാംവർഷ പരീക്ഷ എഴുതുന്നത് 4,14,159 വിദ്യാർത്ഥികളാണ്. 4,41,211 കുട്ടികളാണ് 12-ാം ക്ലാസ് പരീക്ഷ എഴുതുന്നത്. പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷക്ക് 2,017 കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും നടക്കുന്നു. ഒന്നാംവർഷം 27,777 കുട്ടികളും രണ്ടാംവർഷം 29,337 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള എൻ.എസ്.ക്യു.എഫ് പ്രായോഗിക പരീക്ഷ ഫെബ്രുവരി 29ന് പൂർത്തിയായി.

പരീക്ഷകൾ ഫലപ്രദമായി നടപ്പാക്കുന്നതിനായുള്ള ക്രമീകരണങ്ങൾ എല്ലാം നടത്തിയിട്ടുണ്ട്. കുട്ടികളെ പരീക്ഷകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മോഡൽ പരീക്ഷ നടത്തി. കൂടാതെ കുട്ടികൾക്ക് മൂല്യനിർണ്ണയത്തിന് ആവശ്യമായ കൈത്താങ്ങ് നൽകുന്നതിന്റെ ഭാഗമായി പി.ടി.എ, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പഠനസമയത്തിനപ്പുറമുള്ള സമയവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് അധിക പിന്തുണ നൽകിയ രക്ഷാകർത്തൃ സമിതികളേയും അദ്ധ്യപകരേയും അനുമോദിക്കുന്നു.

പരീക്ഷകൾ യാന്ത്രികമായി നടക്കേണ്ട പ്രക്രിയയല്ല. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അവരുടെ പഠനകാലത്ത് ആർജ്ജിച്ച കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള പ്രക്രിയയാകണം പരീക്ഷകൾ. സ്കൂൾ പഠന ശേഷവും കുട്ടികളുടെ മുന്നിൽ പലതരം പ്രശ്നങ്ങൾ ഉയർന്നുവരും. അത്തരം ഘട്ടങ്ങളിൽ പ്രശ്നങ്ങളെ നിർഭയമായി അഭിമുഖീകരിക്കാൻ സഹായിക്കുന്ന അവസരമായാണ് പരീക്ഷകളെ കാണേണ്ടത്. കുട്ടികളെക്കാളും ഇക്കാര്യം ബോദ്ധ്യപ്പെടേണ്ടത് രക്ഷിതാക്കൾക്കാണ്. കുട്ടികളിൽ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാതെ നോക്കാനുള്ള ചുമതല രക്ഷിതാക്കൾക്കുണ്ട്. അമിത പ്രതീക്ഷകളോടെ കുട്ടികളെ സമീപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും പരിഹരിക്കുന്നതിനുള്ള കൗൺസിലിംഗ് സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. അതിന്റെ സാദ്ധ്യത ആവശ്യമുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

കുഞ്ഞുങ്ങൾ പരീക്ഷകളെ മത്സരമായി കാണരുത്. നന്നായി തയ്യാറാവുക. ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക. വിജയം നമ്മുടെ കൂടെ തന്നെയാകും. പരീക്ഷ എന്നത് ജീവിതത്തിലെ അന്തിമവിലയിരുത്തൽ അല്ല. ജീവിത വിജയം ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്. ഒന്നു മുതൽ ഒമ്പതു വരെയുള്ള കുട്ടികൾക്കും മാർച്ച് മാസത്തിൽ മൂല്യനിർണ്ണയത്തിന് വിധേയമാകുന്നുണ്ട്. അതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. നന്നായി തയ്യാറാവുക, ആത്മവിശ്വാസത്തോടെ പരീക്ഷകളെ അഭിമുഖീകരിക്കുക. പരീക്ഷാപേടി എന്നൊന്ന് ആവശ്യമില്ല. എല്ലാവർക്കും ആശംസകൾ.

Advertisement
Advertisement