ബി.ജെ.പിയുടെ ബ്രഹ്മാസ്ത്രങ്ങൾ

Saturday 02 March 2024 12:20 AM IST

യാന മിർ വൈറലാവുയായിരുന്നു. ഒറ്റ പ്രസംഗം കൊണ്ട്. കശ്മീരിലെ ആക്ടിവിസ്റ്റും വ്ലോഗറുമാണ് ഈ യുവതി. കഴിഞ്ഞദിവസം ബ്രിട്ടീഷ് പാർലമെന്റിൽ യാന തന്റെ നിലപാടുകൾ വിളിച്ചു പറഞ്ഞു. കശ്മീരിൽ താൻ സ്വതന്ത്രയാണെന്ന്. വീട്ടിൽ സുരക്ഷിതയാണെന്നും...

ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതോടെ കശ്മീർ കൂടുതൽ അശാന്തമായെന്ന് രാജ്യാന്തരതലത്തിൽ പ്രചാരണമുണ്ടായി. എന്നാൽ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഈ പ്രദേശം ശാന്തമായെന്നാണ് മോദി സർക്കാരും ബി.ജെ.പിയും വാദിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ വാദത്തിന് പിൻബലമാണ് യാന മിർ നടത്തിയ പ്രസംഗം. സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ താൻ മലാല അല്ലെന്നു കൂടി യാന പ്രഖ്യാപിച്ചതോടെ വിഷയത്തിന് പഞ്ചായി.

പതിറ്റാണ്ടുകളായുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് കേന്ദ്രസർക്കാരും ചാലകശക്തിയായ സംഘപരിവാറും അടുക്കുന്നതിന്റെ നിർണായക ചുവടുവയ്പായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ. ഭരണപക്ഷം സുപ്രധാനമായി കണ്ട രണ്ടാമത്തെ പ്രഖ്യാപനവും നടപ്പാക്കിക്കഴിഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ആവനാഴിയിൽ ശേഷിക്കുന്നതും ബി.ജെ.പി. തൊടുക്കുകയാണ്. ഏക സിവിൽ കോഡാണ് ബി.ജെ.പിയുടെ മൂന്നാമത്തെ ബ്രഹ്മാസ്ത്രം. ഇതിനിടയിൽ ഉയർന്നു വന്ന ഒരു വജ്രായുധമുണ്ട്; പൗരത്വ നിയമ ഭേദഗതി. കേന്ദ്രം ഇഛാശക്തിയോടെ നീങ്ങുമ്പോൾ, തുരുത്തുകളായി അവശേഷിക്കുന്ന ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾക്ക് ചെറുക്കാനാകുമോ എന്നതാണ് ചോദ്യം.

ചട്ടങ്ങൾ

ഈ മാസം


നാലു വർഷം മുമ്പ് നടപ്പാക്കാൻ ശ്രമിച്ച് പ്രക്ഷോഭങ്ങളെ തുടർന്ന് മാറ്റിവച്ചതാണ് പൗരത്വ (ഭേദഗതി) നിയമം. തിരഞ്ഞെടുപ്പ് എത്തി നിൽക്കേ കേന്ദ്രം ഇതിന്റെ ഫയലെടുത്തിരിക്കുകയാണ്. ഭൂരിപക്ഷ വോട്ടുകളിലാണ് കണ്ണ്. ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ മാർച്ചിൽ പുറത്തുവിടും. ഇതോടെ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറുന്ന ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വത്തിന് അവസരമാകും.

അതേസമയം, അയൽരാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ടവർ ഇന്ത്യയിൽ താമസമാക്കിയിട്ടുണ്ടെങ്കിൽ അവർ പുറത്തുപോകേണ്ടിവരും. ഇവരിൽ കൂടുതലും മുസ്ലീം വിഭാഗക്കാരാണെന്നതാണ് ആ സമുദായത്തെ ആശങ്കയിലാഴ്ത്തുന്നത്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നിയമം ഭാവിയിൽ ഒരു വിഭാഗത്തെയാകെ ബാധിച്ചേക്കുമെന്നാണ് വാഖ്യാനം. അതാണ് നേരത്തേ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവച്ചത്. രംഗം ഒന്നു തണുത്തതോടെയാണ് കേന്ദ്രസർക്കാർ പൗരത്വവിഷയം വീണ്ടും എടുത്തിടുന്നത്. രാജ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് എങ്ങനെ പ്രതികരിക്കാനാകുമെന്ന് കണ്ടറിയണം.

പടരുന്ന

സിവിൽകോഡ്

സമാന്തരമായിത്തന്നെ ഏക വ്യക്തി നിയമത്തിനുള്ള നടപടികൾ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിവേഗം നീക്കുകയാണ്. വിവാഹം, വിവാഹ മോചനം, പിൻതുടർച്ചാവകാശം എന്നിവയിൽ, മതത്തിന്റെ വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും പൊതുനിയമം എന്നതാണ് കാഴ്ചപ്പാട്. സ്വതന്ത്ര ഇന്ത്യയിലാദ്യമായി ഉത്തരാഖണ്ഡ് നിയമസഭ സിവിൽകോഡ് പാസ്സാക്കിക്കഴിഞ്ഞു.

പട്ടിക വർഗക്കാരെ മാത്രമാണ് ഉത്തരാഖണ്ഡ് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. ബാലവിവാഹം തടയാനും എല്ലാ സമുദായത്തിലേയും പെൺകുട്ടികൾക്ക് ഒരേ വിവാഹപ്രായം ബാധകമാക്കാനും വ്യവസ്ഥകളുണ്ട്. തൊട്ടുപിന്നാലെ അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഏക സിവിൽ കോഡിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഗോവയിൽ സ്വാതന്ത്ര്യത്തിന് മുമ്പേ സിവിൽ കോഡ് നിലവിലുണ്ട്. ആദ്യപടിയായി 1935ലെ മുസ്ലീം വിവാഹ, വിവാഹമോചന നിയമം റദ്ദാക്കാനാണ് അസം ഒരുങ്ങുന്നത്. ഇക്കാര്യങ്ങൾക്കായി പ്രത്യേക വ്യവസ്ഥ കൊണ്ടുവരുമെന്നും അസം പറയുന്നു. വിവിധ സമുദായങ്ങളിലെ പിൻതുടർച്ചാവകാശ നിയമങ്ങൾ നിലവിൽ സങ്കീർണമാണ്. ഇതും ഒരു കുടക്കീഴിലാക്കാനാണ് ശ്രമം.

ഏക സിവിൽ കോഡിനെ പണ്ടുമുതലേ ആശങ്കയോടെ കാണുന്നത് മുസ്ലീം വിഭാഗമാണ്. ഭരണഘടന അംഗീകരിച്ചിട്ടുള്ള ശരീഅത്ത് നിയമമാണ് അവർക്ക് ബാധകമായിട്ടുള്ളത്. സിവിൽ കോഡ് ഇസ്ലാം വിരുദ്ധമാണെന്ന് ഇവരിൽ ഒരു വിഭാഗം പറയുന്നു. ഏക സിവിൽ കോഡിനായി രാജ്യം യത്നിക്കണമെന്ന് ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് സിവിൽ കോഡിന്റെ പ്രായോജകർ ശരീയത്ത് വാദികളെ ഖണ്ഡിക്കുന്നത്.

കേരളം

മോദി സ‌ർക്കാരിന്റെ ഇത്തരം നയങ്ങളോട് കോൺഗ്രസിന് ദേശീയതലത്തിൽത്തന്നെ അഴകൊഴമ്പൻ നിലപാടാണ്. പൗരത്വ പ്രക്ഷോഭ സമയത്തടക്കം കേരളത്തിലും ഇത് പ്രകടമായി. തരൂർ ഒന്നു പറയുമ്പോൾ സതീശൻ മറ്റൊന്നു പറയുന്ന രീതി. എന്നാൽ വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്ന കേന്ദ്രനയങ്ങളെ ശക്തിയുക്തം തള്ളിപ്പറയുന്നത് ഇടതുപക്ഷവും മുസ്ലീം ലീഗുമാണ്. പൗരത്വ നിയമത്തിനെതിരേ കടുത്ത പ്രക്ഷോഭങ്ങൾ നടന്നത് കേരളത്തിലാണ്. ഇതിനെതിരേ ആദ്യം പ്രമേയം പാസാക്കിയതും കേരള നിയമസഭയാണ്. പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണന്നും കേന്ദ്ര വി‌ജ്ഞാപനം വന്നാലും നടപ്പാക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

സിവിൽ കോഡിനും പൗരത്വനിയമ ഭേദഗതിക്കും പിന്നിലുള്ള ലക്ഷ്യം ഭൂരിപക്ഷ വോട്ടുകൾ മാത്രമല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള നടപടികളാണിതൊക്കെയുമെന്ന് അവർ വാദിക്കുന്നു. ആശങ്കയിലായ കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നതും ഇടതുപക്ഷ നിലപാടുകളെത്തന്നെയാണ്. അതേസമയം ഏക സിവിൽ കോഡിന്റെ കാര്യത്തിൽ താത്വികാചാര്യൻ ഇ.എം.എസിന്റെ പഴയപരാമർശങ്ങൾ സി.പി.എമ്മിനെതിരേ ബി.ജെ.പിയും ലീഗും ഒരുപോലെ പ്രയോഗിക്കുന്നുണ്ട്.

ഇ.എം.എസ് സിവിൽകോഡിനെ അനുകൂലിച്ചുവെന്നാണ് ആരോപണം. എന്നാൽ ഇ.എം.എസിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് നിലവിലെ സി.പി.എം നേതൃത്വം വിശദീകരിക്കുന്നത്. മുസ്ലീം സമുദായത്തിൽ ഏകാഭിപ്രായം രൂപപ്പെടും വരെ പൊതുസിവിൽ കോഡ് നടപ്പാക്കരുതെന്നാണ് ഇ.എം.എസ് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. കാലവും സാഹചര്യങ്ങളും മാറി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണമില്ലാത്തത് വിരലിലെണ്ണാവുന്നവ മാത്രം. പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ തലങ്ങും വിലങ്ങും പായുന്നു. മോദിയും ടീമും മൂന്നാമൂഴം ഉറപ്പാക്കിയാൽ അവർ നടപ്പാക്കുന്ന നയങ്ങൾ ചവറ്റുകൊട്ടയിലിടാൻ ഇനി കേരളത്തിനാകുമോ എന്നതാണ് സംശയം.

Advertisement
Advertisement