വെടിയുണ്ട കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജിതം
തുറവൂർ : തുറവൂരിൽ റിട്ട. പൊലീസുദ്യോഗസ്ഥനും കുടുംബവും താമസിച്ചിരുന്ന വാടക വീടിനരികിൽ നൂറോളം വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കണ്ടെത്തിയ വെടിയുണ്ടകൾ സാധാരണ ചെറിയ തോക്കുകൾക്കുപയോഗിക്കുന്ന ഉണ്ടകളല്ല എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മറ്റ് ഏജൻസികളും ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.
റിട്ട.എസ്.ഐ ചേർത്തല അയ്യപ്പഞ്ചേരി സ്വദേശി രമേശനും കുടുംബവും 3 മാസമായി വാടകയ്ക്കു താമസിക്കുന്ന തുറവൂർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് തുറവൂർ - കുമ്പളങ്ങി റോഡിനരികിലെ മാടംഭാഗത്ത് വീടിന്റെ അരികിൽ കിടന്നിരുന്ന ചപ്പുചവറുകൾക്കിടയിൽ നിന്നാണ് കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ ബുധനാഴ്ച വെടിയുണ്ടകൾ ലഭിച്ചത്. രമേശനും കുടുംബവും വ്യാഴാഴ്ച വൈകിട്ട് മുതൽ വീട്ടിൽ ഇല്ലാത്തതിനെ തുടർന്ന് വീട്ടുടമയും പ്രവാസിയുമായ പട്ടണക്കാട് സ്വദേശി മനോജിന്റെ അമ്മയെ വിളിച്ചു വരുത്തിയാണ് വീട് തുറന്ന് ഇന്നലെ രാവിലെ പരിശോധന നടത്തിയത്.