ബാലാമണിക്ക് അഭയം നൽകിയ മണി

Saturday 02 March 2024 12:52 AM IST

തൃശൂർ: നഗുലേശ്വരി, സ്ത്രീവിമോചനമെന്ന ലക്ഷ്യവുമായി എഴുത്തുകാരി സാറ ജോസഫിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട 'മാനുഷി'യിലെ ഏറ്റവും നേതൃപാടവമുള്ള വനിത. കെ. വേണുവിന്റെ ഭാര്യയെന്നതിന് അപ്പുറം വനിതാ ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സ്വന്തം വിലാസം അടയാളപ്പെടുത്തിയ ആളാണ് കഴിഞ്ഞ ദിവസം നിര്യാതയായ നഗുലേശ്വരി.

1985 - 86 കാലത്ത് സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട് കൊടിയ പീഡനം ഏൽക്കേണ്ടിവന്ന ചേലക്കരയിലെ ബാലാമണിക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയത് മണിയെന്ന നഗുലേശ്വരിയായിരുന്നു. സ്ത്രീവിമോചന പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ പരിമിതികളുള്ള കാലത്തും മണി പുലർത്തിയ സ്ഥൈര്യം മാതൃകാപരം. സഖാവ് മണിയെയാണ് കെ. വേണു കല്യാണം കഴിച്ചത്. എല്ലാ സമരങ്ങളിലും സ്ത്രീവിമോചന ശ്രമങ്ങളിലും അവർ ഇടപെട്ടിരുന്നു.

സ്ത്രീവിമോചന ആശയവുമായി പിറവിയെടുത്ത മാനുഷി എന്ന സംഘടനയുടെ വലിയ ബലമായിരുന്നു അവർ. മാനുഷി വിളിച്ച, ആദ്യയോഗത്തിൽ വച്ചാണ് എഴുത്തുകാരി സാറ ജോസഫ് മണിയെ കണ്ടത്. അജിതയടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേർ യോഗത്തിന് എത്തിയിരുന്നു. അതിനു ശേഷമാണ് അജിത കോഴിക്കോട്ടെത്തി ബോധനയെന്ന സംഘടനയുണ്ടാക്കിയത്. പിന്നീട് 'അന്വേഷി'ക്ക് രൂപം കൊടുത്തു. തിരുവനന്തപുരത്ത് പ്രചോദന ഉൾപ്പെടെ അക്കാലത്ത് നിരവധി സ്ത്രീവിമോചന സംഘടനകളുണ്ടായി.

അഭയമേകിയത് ചരിത്രം
മാനുഷി എന്ന സംഘടനയുടെ തുടക്കകാലം. സമുദായത്തിന്റെ മർദ്ദനവും പീഡനവും ഏൽക്കേണ്ടിവന്ന ചേലക്കരയിലെ ബാലാമണിയെ നഗ്‌നയായി തെരുവിലൂടെ നടത്തിച്ചു. പ്രശ്‌നത്തിൽ മാനുഷി ഇടപെട്ടതിനെത്തുടർന്ന് ബാലാമണിക്ക് പൊലീസ് സംരക്ഷണം നൽകി. എങ്കിലും അവർക്ക് വീട്ടിൽ കഴിയാനായില്ല. തുടർന്ന് മാനുഷിയിൽ അഭയം ചോദിച്ചെങ്കിലും താമസിപ്പിക്കാൻ സംഘടനയ്ക്ക് സൗകര്യമില്ലായിരുന്നു. വ്യക്തികൾക്കും പറ്റാത്ത സാഹചര്യം. അപ്പോഴാണ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് മണി പറഞ്ഞത്. ഒന്നര വർഷത്തോളം ബാലാമണി അവിടെക്കഴിഞ്ഞു. തുടർന്ന് പ്രശ്‌നങ്ങൾ അവസാനിച്ചപ്പോഴാണ് തിരികെ പോയതെന്നും സാറ ജോസഫ് അനുസ്മരിക്കുന്നു.

സ്ത്രീസ്വാതന്ത്ര്യത്തിനുള്ള പ്രവർത്തനം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന 1985 - 86 കാലത്ത് സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട് പീഡനം സഹിക്കേണ്ടിവന്ന ചേലക്കരയിലെ ബാലാമണിക്ക് സ്വന്തം വീട്ടിൽ മണി അഭയം നൽകിയത് ജ്വലിക്കുന്ന ഓർമ്മയാണ്.

- സാറ ജോസഫ്

Advertisement
Advertisement