ഇന്ത്യയിലെ യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഗൂഗിള്‍, സംഭവം ഇങ്ങനെ

Friday 01 March 2024 9:57 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ ഉള്‍പ്പെടെ പത്ത് മാട്രിമോണിയല്‍ സൈറ്റുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍. സര്‍വീസ് ഫീസ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് നടപടിക്ക് പിന്നിലെ കാരണം. ഇതോടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി വിവാഹിതരാകാനൊരുങ്ങിയിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന അവസ്ഥയാണ്.

ആപ്പ് പേമെന്റിന്റെ ഭാഗമായി 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് കമ്പനികളില്‍ നിന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംഭവം കോടതിയില്‍ എത്തിയപ്പോള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ട് അനുകൂല വിധികളാണ് സുപ്രീം കോടതിയില്‍ നിന്ന് ഉള്‍പ്പെടെ ഗൂഗിളിന് അനുകൂലമായി ഉണ്ടായത്.

ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി തുടങ്ങിയ ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് വെള്ളിയാഴ്ച ഒഴിവാക്കപ്പെട്ടത്. ഇത് ഇന്ത്യന്‍ ഇന്റര്‍നെറ്റിനെ സംബന്ധിച്ച് ഒരു കറുത്ത ദിനമാണെന്ന് മാട്രിമോണി ഡോട് കോം കമ്പനി സ്ഥാപകന്‍ മുരുഗവേല്‍ ജാനകി രാമന്‍ അഭിപ്രായപ്പെട്ടു.

ഗൂഗിളിന്റെ നടപടികള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ വിശദമായി പഠിച്ച് വരികയാണെന്നും നിയമപോരാട്ടത്തിന് വേണ്ടുന്ന കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഒഴിവാക്കപ്പെട്ട വിവിധ കമ്പനികളുടെ പ്രതിനിധികള്‍ പറയുന്നു.