ആലപ്പുഴയിലും ഒരുങ്ങുന്നു, മാനവീയം മോഡൽ

Saturday 02 March 2024 12:10 AM IST

ആലപ്പുഴ : പാട്ടുപാടാനും കൂട്ടുകൂടാനും ആലപ്പുഴയ്ക്കും സ്വന്തമാകുകയാണ് ഒരു സാംസ്കാരിക ഇടനാഴി. തിരുവനന്തപുരത്തെ മാനവീയം വീഥി മോഡലിൽ നഗരത്തിലെ മട്ടാഞ്ചേരിപ്പാലം മുതൽ - കൊമ്മാടി വരെ എ.എസ് കനാൽ തീരത്താണ് ആലപ്പുഴ നഗരത്തിൽ വീഥി ഒരുങ്ങുക. കഴിഞ്ഞദിവസം ആറാട്ടുവഴി,വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിർമ്മാണോദ്ഘാടന വേദിയിൽ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.

വിദഗ്ദ്ധ ഏജൻസിയുടെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതി ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണ്. ടൂറിസം-പൊതുമരാമത്ത്, , സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. അന്തിമ രൂപരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും. ആശ്രമം, ചാത്തനാട്, പവർഹൗസ്, ആറാട്ടുവഴി, കളപ്പുര, കൊമ്മാടി വാർഡുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തലസ്ഥാനത്തെ മ്യൂസിയം - വെള്ളയമ്പലം റോഡിനേക്കാൾ മനോഹരവും ആകർഷകവുമായിരിക്കും ആലപ്പുഴയിലെ വീഥി. കനാൽക്കരയിൽ കാറ്റേറ്റ് കലാപരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും.

ആസ്വദിക്കാം കാഴ്ചകൾ, നുകരാം രുചി

1.പ്രഭാത- സായാഹ്ന സവാരിക്കാർക്കായി വാക്ക് വേ

2.വിശ്രമിക്കാൻ കനാൽക്കരകളിൽ ഇരിപ്പിടങ്ങൾ

3.കനാലും തീരത്തും വിവിധ വർണങ്ങളിലെ ദീപക്കാഴ്ചകൾ

4.കുടുംബശ്രീ ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ രുചിക്കൂട്ട്

5. കരിമീനും കൊഞ്ചും ഉൾപ്പെടെ അടങ്ങിയ ഭക്ഷണം

തൊഴിൽ സാദ്ധ്യത

ബോട്ടിംഗും വീഥിയുടെ പരിപാലനവുമായി ബന്ധപ്പെട്ടും നേരിട്ടും അല്ലാതെയും നിരവധി പേർക്ക് തൊഴിൽ ലഭിക്കും.

നഗരത്തിനും ഒരു മാനവീയം വീഥിയെന്നത് ദീർഘകാലമായുള്ള അഭിലാഷമാണ്. വിദഗ്ദ്ധ ഏജൻസിയുടെ സഹായത്തോടെ പദ്ധതിയുടെ രൂപരേഖ തയ്യാറായി. പൊതുമരാമത്ത് വകുപ്പും കെ.ആർ.എഫ്.ബിയും നിലവിൽ കനാൽക്കരയിൽ നടത്തിവരുന്ന നിർമ്മാണം മാനവീയം വീഥിയെന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടുള്ളതാണ്

- പി.പി.ചിത്തരഞ്ജൻ എം.എൽ.എ

Advertisement
Advertisement