ജനപ്രതിനിധികളെ നിരീക്ഷിക്കുന്നത് സ്വകാര്യതയുടെ ലംഘനം

Saturday 02 March 2024 1:59 AM IST

ന്യൂഡൽഹി : എം.പിമാരെയും, എം.എൽ.എമാരെയും മുഴുവൻസമയ ഡിജിറ്രൽ നിരീക്ഷണത്തിലാക്കണമെന്ന പൊതുതാത്പര്യ ഹർജി വിമർശനത്തോടെ തള്ളി സുപ്രീംകോടതി. ഇത് സ്വകാര്യത എന്ന അവകാശത്തിന്റെ കടുത്ത ലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സുതാര്യത ഉറപ്പാക്കാനും, അഴിമതി തടയാനും ഡിജിറ്റൽ നിരീക്ഷണം വഴി സാദ്ധ്യമാകുമെന്നാണ് പൊതുപ്രവർത്തകനായ ഡോ. സുരീന്ദർ നാഥ് കുന്ദ്രയുടെ വാദം. ജനപ്രതിനിധികൾ എന്തു ചെയ്യുന്നുവെന്ന് അറിയാൻ അവരുടെ കൈയിലും കാലിലും ചിപ്പ് ഘടിപ്പിക്കണമെന്ന് പറയാൻ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പൗരന്മാർ നിയമം നിർമ്മിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തെയും കോടതി വിമർശിച്ചു. ഒരു ജനാധിപത്യ രാജ്യത്തും വ്യക്തികൾക്ക് നിയമമുണ്ടാക്കാൻ കഴിയില്ല. ജനം തിരഞ്ഞെടുത്തവർ പാർലമെന്റിലാണ് നിയമം പാസാക്കേണ്ടത്. ജനപ്രതിനിധികളെ നിരീക്ഷിക്കണമെന്ന നിയമമുണ്ടാക്കാൻ ശ്രമിച്ചാൽ രാജ്യത്തെ 140 കോടിയിൽപ്പരം ജനങ്ങൾ അതിനെ എതിർക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Advertisement
Advertisement