മഹാരാഷ്‌ട്രയിൽ കോൺഗ്രസ് - ശിവസേന - എൻ.സി.പി സീറ്റ് ധാരണ

Saturday 02 March 2024 1:01 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ ധാരണയിലെത്തി മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ധാരണ പ്രകാരം 48 സീറ്റുകളിൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം 20ലും കോൺഗ്രസ് 18 ലും ശരദ് പവാറിന്റെ എൻ.സി.പി 10ലും മത്സരിക്കും. അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട പ്രാദേശിക പാർട്ടി വഞ്ചിത് ബഹുജൻ അഘാഡിക്ക് (വി.ബി.എ) ശിവസേനയുടെ വിഹിതത്തിൽ നിന്ന് രണ്ട് സീറ്റ് നൽകും. സ്വതന്ത്രൻ രാജു ഷെട്ടിക്ക് എൻ.സി.പിയും സീറ്റ് നൽകും.

മുംബയിലെ ആറ് സീറ്റുകളിൽ നാലും ശിവസേനയ്‌ക്ക് നൽകി. മുംബയ് നോർത്ത് ഈസ്റ്റ് സീറ്റ് വി.ബി.എയ്‌ക്ക് നൽകിയേക്കും. മുംബയ് സൗത്ത് സെൻട്രൽ, നോർത്ത് വെസ്റ്റ് സീറ്റുകളെച്ചൊല്ലി കോൺഗ്രസും ശിവസേനയും തർക്കിച്ചതാണ് ചർച്ച നീളാൻ കാരണം. തർക്ക പരിഹരിച്ചത് എങ്ങനെയെന്ന് പിന്നീട് വെളിപ്പെടുത്തും.

2019ൽ എൻ.ഡി.എ സഖ്യത്തിൽ 23 സീറ്റിൽ മത്സരിച്ച അവിഭക്ത ശിവസേന മുംബയ് സൗത്ത് സെൻട്രൽ, നോർത്ത് വെസ്റ്റ് ഉൾപ്പെടെ 18 സീറ്റുകളിൽ ജയിച്ചിരുന്നു. 25 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് ചന്ദ്രപൂർ മാത്രം. എൻ.സി.പി 19 സീറ്റിൽ മത്സരിച്ച് നാലെണ്ണം നേടി. മത്സരിച്ച 25 സീറ്റിൽ 23ലും വിജയിച്ച ബി.ജെ.പിയാണ് ആധിപത്യം പുലർത്തിയത്. ശിവസേന (ഏകനാഥ് ഷിൻഡെ പക്ഷം), എൻ.സി.പി (അജിത് പവാർ പക്ഷം) എന്നിവ എൻ.ഡി.എ പാളയത്തിലാണ്.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായും ഡൽഹി, ഗുജറാത്ത്, ചണ്ഡിഗർ എന്നിവിടങ്ങളിൽ ആം ആദ്‌മിയുമായും സീറ്റ് ധാരണയുണ്ടാക്കിയ 'ഇന്ത്യ" മുന്നണിക്ക് ശുഭപ്രതീക്ഷയാണ് മഹാരാഷ്‌ട്ര നൽകുന്നത്.

Advertisement
Advertisement