കളത്തിലിറങ്ങി മന്ത്രി രാധാകൃഷ്ണൻ; സജീവമായി രമ്യ

Saturday 02 March 2024 1:09 AM IST

തൃശൂർ: സി.പി.എം, കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ ആലത്തൂർ മണ്ഡലത്തിൽ പ്രചാരണത്തിനു ചൂടേറുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ഇന്നലെ മണ്ഡലത്തിലെത്തിയ സി.പി.എം സ്ഥാനാർത്ഥി മന്ത്രി കെ.രാധാകൃഷ്ണൻ തന്റെ തട്ടകമായ ചേലക്കരയിൽ തോന്നൂർക്കര യു.പി സ്‌കൂളിന്റെ നൂറാം വാർഷികത്തിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ട യോഗത്തിലും പങ്കെടുത്തു. ഇന്ന് വൈകിട്ട് ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും.

സിറ്റിംഗ് എം.പി കോൺഗ്രസിലെ രമ്യ ഹരിദാസും പ്രചാരണം ഊർജിതമാക്കി. കഴിഞ്ഞ തവണ സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിറുത്താൻ കരുതലോടെയാണ് കോൺഗ്രസ് നീക്കം. ജനകീയ പ്രശ്‌നങ്ങളിൽ എം.പിയുടെ ഇടപെടൽ പോരെന്നും പാർട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ആ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചതായാണ് വിവരം.

മന്ത്രി കെ.രാധാകൃഷ്ണന്റെ ജനകീയമുഖം പ്രയോജനപ്പെടുത്തി മണ്ഡലം തിരിച്ചുപിടിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ പറ്റിയ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. കർഷകരുടെയും കർഷകത്തൊഴിലാളികളുടേയും ഉൾപ്പെടെ മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥയാകും സി.പി.എമ്മിന്റെ മുഖ്യ പ്രചാരണായുധം.

 സീറ്റ് ഏറ്റെടുക്കാൻ ബി.ജെ.പി

ആലത്തൂർ സീറ്റ് ബി.ഡി.ജെ.എസിൽ നിന്ന് ബി.ജെ.പി ഏറ്റെടുക്കും. പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

Advertisement
Advertisement