വേനൽ കടുത്തു കുടിവെള്ളം കിട്ടാനില്ല  ഗ്രാമീണമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം

Saturday 02 March 2024 1:31 AM IST

ബാലരാമപുരം: വേനൽച്ചൂട് കടുത്തതോടെ ഗ്രാമീണമേഖലയിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലായതോടെ നീരുറവകളും വറ്റിത്തുടങ്ങി. പത്തടിയിൽ താഴെയുള്ള കിണറുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും നീരുറവകളിലെ ജലസ്രോതസിൽ കുറവ് വന്നു. ഈ സ്ഥിതി തുടർന്നാൽ രൂക്ഷമായ കുടിവെള്ളക്ഷാമമായിരിക്കും വരും ദിവസങ്ങളിൽ നേരിടേണ്ടിവരുന്നത്. നബാർഡ് ഫണ്ടിന്റെ സഹായത്താൽ തുടങ്ങിയ ബാലരാമപുരം - പള്ളിച്ചൽ - വിളവൂർക്കൽ സംയോജിത കുടിവെള്ള പദ്ധതി ബാലരാമപുരം പഞ്ചായത്തിന് ആശ്വാസമായെങ്കിലും പഞ്ചായത്തിലെ മിക്ക വാർഡുകളിലും കുടിവെള്ളം ലഭ്യമല്ലെന്ന പരാതിയുണ്ട്. കോട്ടുകാൽക്കോണം വാർഡിൽ കഴിഞ്ഞ രണ്ടാഴ്ചയായി പൈപ്പ്ലൈൻ വഴി കുടിവെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. കാളിപ്പാറ പദ്ധതിപ്രകാരം നിലവിൽ ബാലരാമപുരം - വെങ്ങാനൂർ - കോട്ടുകാൽ പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ 20 ദിവസമായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ബാലരാമപുരം - പള്ളിച്ചൽ - വിളവൂർക്കൽ കുടിവെള്ള പദ്ധതി പ്രകാരം ചൂഴാറ്റുകോട്ട പമ്പ് ഹൗസിൽ നിന്നു കുടിവെള്ളം പമ്പ് ചെയ്ത് പദ്ധതി കമ്മീഷൻ ചെയ്ത് പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും സാങ്കേതികത്തകരാറ് മൂലം കാളിപ്പാറയിൽ നിന്നുമാണ് താത്കാലികമായി ഗ്രാമീണമേഖലയിൽ ജലവിതരണം ആരംഭിച്ചിരിക്കുന്നത്.

കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണം

ആട്ടറമ്മൂല,​ പുളിങ്കുടി,​ ഉച്ചക്കട ബോർവേൽ,​ പുന്നക്കുളം എന്നിവിടങ്ങളിൽ പമ്പ് ഹൗസുകളുടെ പ്രവർത്തനം നിലച്ചതോടെ കാളിപ്പാറ പദ്ധതിയിൽ നിന്നാണ് പഞ്ചായത്ത് മേഖലയിലേക്കുള്ള കുടിവെള്ളം നൽകിവരുന്നത്. പൊതുടാപ്പുകൾ നീക്കംചെയ്ത് ജലജീവൻ മിഷൻ പൈപ്പുകൾ വീടുകളിൽ സ്ഥാപിച്ചെങ്കിലും കുടിവെള്ളം കിട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചൊവ്വര ബ്രാഞ്ച് വഴി കോട്ടുകാൽ ഭാഗത്ത് കനാൽ വഴി വെള്ളം തുറന്നുവിടാത്തതിനാൽ ഈ ഭാഗത്തെ കൃഷിയും നിലച്ചിരിക്കുകയാണ്. കുടിവെള്ളപ്രശ്നം പരിഹരിക്കാൻ വാട്ടർ അതോറിട്ടിയുമായി ചേർന്ന് അടിയന്തരയോഗം വിളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇടവേളയില്ലാതെ ടാങ്കിൽ കുടിവെള്ളം ശേഖരിക്കാനുള്ള സംവിധാനം വാട്ടർ അതോറിട്ടി ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. പമ്പ് ഹൗസുകളുടെ പ്രവർത്തനം നിലച്ചതോടെ വാൽവ് ഓപ്പറേറ്റർമാർക്ക് പകരം മൊബൈൽ സംവിധാനം വഴിയാണ് ജലവിതരണശൃംഖലയുടെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത്.

Advertisement
Advertisement