സന്ദേശ്ഖാലി ബംഗാളിന്റെ വിധി കുറിക്കുമെന്ന് മോദി
ന്യൂഡൽഹി: പശ്‌ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമം ലജ്ജിപ്പിക്കുന്നതാണെന്നും അത് തൃണമൂലിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെയും 'ഇന്ത്യ' മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു ബംഗാളിലെ അരംബാഗിൽ മെഗാറാലിയിൽ മോദിയുടെ പ്രസംഗം.
പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തൃണമൂലിന്റെ പ്രീണന നയം തെരഞ്ഞെടുപ്പിൽ തകരും. മുസ്ലീം സ്ത്രീകൾ വൻതോതിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ബംഗാൾ ജനത, പ്രത്യേകിച്ച് സ്‌ത്രീകൾ സന്ദേശ്ഖാലിയിലെ ആക്രമണങ്ങൾക്ക് വോട്ടിലൂടെ മറുപടി നൽകും. സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂൽ കോൺഗ്രസ് എന്താണ് ചെയ്തതെന്ന് രാജ്യം കണ്ടു. സംഭവത്തിൽ രാജാറാം മോഹൻ റായിയുടെ ആത്മാവ് വേദനിച്ചിരിക്കണം.
അവിടെ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് എല്ലാ പരിധിയും ലംഘിച്ചു.
ഭരണകക്ഷി അയാളെ രക്ഷിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി പോരാടിയ ബി.ജെ.പി നേതാക്കളുടെ ഇടപെടലാണ് അയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സംഭവത്തിൽ 'ഇന്ത്യ' സഖ്യത്തിലെ ഉന്നതർ ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെ മൗനംപാലിച്ചു. ബംഗാളിൽ ഇതൊക്കെ നടക്കുമെന്നാണ് കോൺഗ്രസ് മേധാവിയുടെ നിലപാട്. അഴിമതിക്കാരെയും രാജവംശങ്ങളെയും മാത്രമാണ് 'ഇന്ത്യ' സഖ്യം അനുകൂലിക്കുന്നത്.
ബംഗാളിലെ ജനങ്ങൾക്കായി ആവിഷ്‌കരിച്ച കേന്ദ്രത്തിന്റെ എല്ലാ പദ്ധതികളും തൃണമൂൽ സർക്കാർ തടയുകയാണ്. സംസ്ഥാനത്ത് അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും പുതിയ മാതൃക സ്ഥാപിച്ചു. അവർ കൊള്ളയടിച്ച ബംഗാളിലെ മുതൽ കണ്ടുകെട്ടുമെന്ന് മോദി ഗാരന്റി നൽകുന്നു.
മറ്റൊരു ചടങ്ങിൽ റെയിൽ, തുറമുഖങ്ങൾ, എണ്ണ പൈപ്പ് ലൈൻ, എൽപിജി, മലിനജല സംസ്കരണം തുടങ്ങി 7,200 കോടി രൂപയുടെ പദ്ധതികളുടെ ഉൽഘാടനവും
ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
ഗവർണർ ഡോ.സി.വി. ആനന്ദ ബോസ്, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് സഹമന്ത്രി ശന്തനു താക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
ജാർഖണ്ഡിനെ അഴിമതിക്കാർ
നശിപ്പിച്ചു
ജാർഖണ്ഡിലെ ജെ.എം.എം-കോൺഗ്രസ് സഖ്യം വികസന വിരോധികളും അഴിമതിക്കാരുമാണെന്നും അവർ സംസ്ഥാനത്തെ നശിപ്പിച്ചെന്നും മോദി പറഞ്ഞു. അവർ ഭരണത്തിൽ കയറിയതു മുതൽ സംസ്ഥാനത്തിന്റെ സ്ഥിതി വഷളായി. നേതാക്കൾക്ക് സ്വന്തം കീശ നിറയ്ക്കൽ മാത്രമാണ് ലക്ഷ്യമെന്നും ധൻബാദിൽ നടന്ന സമ്മേളനത്തിൽ ആരോപിച്ചു. ദ്രുതഗതിയിലുള്ള വികസനത്തിന്, സത്യസന്ധമായ സർക്കാർ പ്രധാനമാണ്. ഇവിടെ കൊള്ളയടിക്കൽ വർദ്ധിച്ചു. ഭരിക്കുന്നവർ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്ത് ആസ്വദിക്കുകയാണ്.
ജെ.എം.എം-കോൺഗ്രസ് നേതാക്കൾ അവരുടെ നിലവറകൾ നിറയ്ക്കുന്ന തിരക്കിലാണ്. ഇവിടുത്തെ അഴിമതിയുടെ പ്രതീകമാണ് കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്ത കള്ളപ്പണം. നാം കൽക്കരി കൂമ്പാരങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ പണത്തിന്റെ കൂമ്പാരം ആദ്യമായി കണ്ടു.
അത് ജനങ്ങളുടെ പണമാണ്. അത് തിരികെ നൽകുമെന്നത് മോദിയുടെ ഉറപ്പാണ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കേന്ദ്ര നയങ്ങളെ സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നു. പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്ന പദ്ധതിക്ക് തടയിടുന്നെന്നും മോദി ആരോപിച്ചു.
ധൻബാദിൽ മോദി 35,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു.