'അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും തടയണം'

Saturday 02 March 2024 12:16 AM IST

കൊടുങ്ങല്ലൂർ : നഗരത്തിൽ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന അനധികൃത പാർക്കിംഗും വഴിയോരക്കച്ചവടവും നിരോധിക്കാൻ നടപടി വേണമെന്ന് ആവശ്യം. അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും മിക്കപ്പോഴും പൊതുഗതാഗതത്തിന് വിലങ്ങുതടിയാകുന്നുണ്ട്. അവ തടയാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടിച്ച മിനി സിവിൽ സ്‌റ്റേഷന് മുമ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തറയിൽ വിരിച്ച ടൈൽസിന്റെ അപാകത പരിഹരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ടൈൽസിന്റെ അപാകത മൂലം യാത്രക്കാർക്ക് പ്രയാസമുണ്ടാകുന്നുണ്ടെന്ന പരാതി പരിശോധിക്കണമെന്നും പരിഹാരമുണ്ടാക്കണമെന്നും അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത് അദ്ധ്യക്ഷനായി. സി.എസ്. തിലകൻ, പ്രൊഫ. കെ. അജിത, കെ.കെ. മൊയ്തീൻകുട്ടി, ശ്രീകുമാർ ശർമ്മ എന്നിവർ സംസാരിച്ചു.

മറ്റ് പ്രാധാന ആവശ്യങ്ങൾ

  • തൃശൂർ, ചാലക്കുടി, എറണാകുളം ഭാഗങ്ങളിലേയ്ക്ക് പോകുന്ന ബസുകൾക്ക് പ്രത്യേകം സ്ഥലം നിർണയിച്ച് ബോർഡ് സ്ഥാപിക്കണം. കെ. എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളുടെ സമയ വിവരം കാണിക്കുന്ന ബോർഡ് സ്ഥാപിക്കണം.
  • ചന്തപ്പുരയിലെ ബസ് സ്റ്റാൻഡിന് കിഴക്ക് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദത്തിന് മുന്നിൽ പറവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ യാത്രക്കാരെ കയറ്റാൻ നിറുത്തിയിടുന്നത് വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതിനാൽ മറ്റ് ബസുകളെപ്പോലെ നിറുത്തിയിടാതെ ആളെ കയറ്റിപ്പോകണം.
  • വടക്ക് ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ ശൃംഗപുരത്തെ പുതിയ ബസ് സ്റ്റാൻഡിൽ തന്നെ യാത്ര അവസാനിപ്പിക്കണം.