ഇത്രയും നാൾ ലോകത്തിന്റെ ആ ആവശ്യം നിറവേറ്റിയ തായ്‌വാൻ കിതയ‌്ക്കുന്നു, ഇനി ഇറങ്ങാൻ പോകുന്നത് ഇന്ത്യ

Saturday 02 March 2024 4:22 PM IST

കമ്പ്യൂട്ടറുകൾ പ്രചാരത്തിലാകാൻ തുടങ്ങിയ കാലത്ത് അവയുടെ വളർച്ചയെക്കുറിച്ച് പല പ്രവചനങ്ങളുമുണ്ടായിരുന്നു. എന്നാൽ ആ പ്രവചനങ്ങളൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ് അവയുടെ പ്രചാരം മുന്നോട്ട് കുതിച്ചത്. മേശപ്പുറത്തോ പരീക്ഷണശാലകളിലോ ഇരിക്കുന്ന വലിയ കമ്പ്യൂട്ടറുകളെ മറികടന്ന് ഓരോ വ്യക്തിയും സദാസമയം സന്തതസഹചാരിയായി കൊണ്ടു നടക്കുന്ന ജനതാ കമ്പ്യൂട്ടർ എന്നു വിളിക്കാവുന്ന മൊബൈൽ ഫോണുകളാണ് ഈ പ്രചാരത്തിന്റെ ഏറ്റവും പുതിയ മുഖം.

കമ്പ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെയും നമ്മൾ ഉപയോഗിക്കുന്ന മറ്റനേകം ഗൃഹോപകരണങ്ങളുടെയും വാഹനങ്ങളുടെയും തലച്ചോർ എന്നു പറയുന്നത് സെമി കണ്ടക്ടർ ചിപ്പുകളാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സെക്യൂരിറ്റി ക്യാമറകൾ, ടെലിവിഷൻ, വാച്ചുകൾ തുടങ്ങി മനുഷ്യശരീരത്തിനു മുകളിൽ പ്രവേശിപ്പിക്കുന്ന ചിപ്പുകൾ വരെ ഇന്ന് സാധാരണമായി കഴിഞ്ഞു. മദ്ധ്യവർഗ്ഗ ജനങ്ങൾക്ക് ഒരാൾക്ക് പത്തോ അതിലധികമോ ചിപ്പുകളുടെ സേവനം ലഭിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

ഇത്രയും പ്രചാരത്തിലുള്ള സെമി കണ്ടക്ടർ ചിപ്പ് സാങ്കേതിക വിദ്യയുടെ മെക്ക എന്ന് അറിയപ്പെടുന്നത് തയ്‌വാനാണ്. ചൈനയ്ക്ക് തായ്‌വാനുമായുള്ള ബന്ധത്തിന്റെ അവ്യക്തതയും രാഷ്ട്രീയ അസ്ഥിരതയും കാരണമാകാം ഈ സ്ഥാനത്തിന് വെല്ലുവിളി ഉയർന്നിരിക്കുന്നു. ദിവസേനയെന്നോണം വർദ്ധിച്ചു വരുന്ന സെമികണ്ടക്ടർ ചിപ്പ് ആവശ്യം നിറവേറ്റാൻ തയ്‌വാൻ കിതയ്ക്കുന്നു എന്ന് കണ്ട് ആ രംഗത്തേയ്ക്ക് പ്രവേശിക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറെടുക്കുന്നത് സമീപ കാലത്തായി വാർത്തകളിൽ വന്നിരുന്നു. ജപ്പാനെപ്പോലുള്ള രാജ്യങ്ങൾ ഈ ശ്രമം നടത്തുന്ന വേളയിലാണ് 1.26 ലക്ഷം കോടി രൂപയുടെ മൂന്നു പദ്ധതികൾക്ക് ഇന്ത്യാഗവൺമെന്റ് അനുമതി നൽകിയിരിക്കുന്നത്. വലിയ കാൽവെയ്പ്പാണിത്.

മൊബൈൽ ഫോൺ, ലാപ് ടോപ്പ്, മൈക്രോ വേവ്, ഫ്രിഡ്ജ്, ഗെയിം കൺസോൾ, ജി.പി.എസ്. സിസ്റ്റം, ഡിജിറ്റൽ വാച്ചുകൾ, സെക്യൂരിറ്റി ക്യാമറകൾ, കാറുകൾ ഇവയുടെയെല്ലാം വ്യവസായത്തെ ഗുണകരമായി സ്വാധീനിക്കാൻ പോന്ന സംരംഭങ്ങളാണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ മേഖല താരതമ്യേന പരിസ്ഥിതി ആഘാതം കുറവുള്ള മേഖലയുമാണ്. അതിവേഗം ഈ മേഖലയിൽ ചുവടുറപ്പിച്ചില്ലെങ്കിൽ ജപ്പാൻ മുതൽ മലേഷ്യ വരെയുള്ള രാജ്യങ്ങൾ നമുക്ക് വെല്ലുവിളി ഉയർത്തുമെന്നു വിസ്മരിക്കാൻ പാടില്ല.

സോഫ്റ്റ് വെയർ രംഗത്തെ മഹാമേരുവെന്ന പേരാണ് ഇന്ത്യക്ക് ലോകത്ത് ഇതുവരെ ഉണ്ടായിരുന്നത്. ഗണിത ശാസ്ത്രത്തിലും തത്വചിന്തയിലും പാരമ്പര്യമുള്ള ഒരു രാഷ്ട്രത്തിന് സ്വാഭാവികമായി ചേരുന്നതാണ് സോഫ്റ്റ് വെയർ (കമ്പ്യൂട്ടറിന്റെ ആശയ പ്രപഞ്ചം). ഇന്നിപ്പോൾ കമ്പ്യൂട്ടറിന്റെ തലച്ചോറ് നിർമ്മിക്കുന്നതിൽകൂടി ഹാർഡ് വെയറിന്റെ കൂടെ ലോകഹബ് ആയി മാറാനുള്ള സാദ്ധ്യതയാണ് തുറന്നിരിക്കുന്നത്. ഈ സംരംഭങ്ങൾ വിജയിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.

വാൽക്കഷണം: മനുഷ്യന്റെ ആദ്യസാങ്കേതിക വിദ്യയായി ഗണിക്കുന്നതിൽ ഒന്നാണ് മൺപാത്ര നിർമ്മാണം. സഹസ്രാബ്ദങ്ങൾക്കുശേഷം ആധുനിക സാങ്കേതിക വിദ്യയായ കമ്പ്യൂട്ടറുകൾ വികസിച്ചപ്പോൾ അതിന്റെ തലച്ചോറിന് മണ്ണുമായി ബന്ധമുണ്ടെന്നത് അത്ഭുതകരമാണ്. സിലിക്കൺ ചിപ്പുകളിലെ 'സിലിക്കൺ' മണ്ണിൽ ഉള്ള മൂലകമാണ്. തലച്ചോറിൽ 'മണ്ണാങ്കട്ട'യ്ക്കുള്ള ഒന്നാണ് കമ്പ്യൂട്ടർ! അതായത് തലച്ചോറിൽ 'മണ്ണാങ്കട്ട'യുള്ള ഒന്നാണ്.

Advertisement
Advertisement