മഹാശിവരാത്രി പുനരുദ്ധാരണ ദിനമായി ആഘോഷിക്കാം, മഹാഗുരുവിന്റെ ശിവദർശനം
താത്ത്വികമായി ഗുരുദേവൻ അദ്വൈതിയായിരുന്നു എങ്കിലും ശൈവ ദർശനത്തോട് പ്രത്യേക മമത പുലർത്തിയിരുന്നതായി കാണാം. ദക്ഷിണേന്ത്യയിൽ പ്രചുരപ്രചാരം നേടിയ സിദ്ധാന്ത സമ്പ്രദായത്തെ വേദാന്ത ദർശനവുമായി ഘടിപ്പിച്ചാണ് ഗുരുദേവൻ തന്റെ തത്ത്വദർശനം ആവിഷ്കരിച്ചത്. വേദാന്ത സിദ്ധാന്ത സമന്വയം ഗുരു ദർശനത്തിന്റെ അന്തർദ്ധാരയാണ്
ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ ഒരു പുതുയുഗപ്പിറവിക്ക് നാന്ദികുറിക്കപ്പെട്ട വേളയാണ്. ആർത്തരും അവശരും ആലംബഹീനരുമായ ജനകോടികളുടെ പുനരുദ്ധാരണത്തിന് കാരണമായിത്തീർന്ന അരുവിപ്പുറം പ്രതിഷ്ഠ 'അരുവിപ്പുറം വിപ്ലവം' എന്നപേരിൽ പ്രശസ്തമായി. വിശേഷേണയുള്ള പ്ലവമാണ് (മാറ്റ) വിപ്ലവം. ലോകത്ത് പല രാജ്യങ്ങളിലും നടന്ന വിപ്ളവങ്ങൾ രക്തംചിന്തലിന്റെ ചരിത്രം ആഘോഷിക്കുമ്പോൾ അരുവിപ്പുറത്തെ അദ്ധ്യാത്മ വിപ്ളവം അതിന്റെ അദ്ധ്യാത്മ ഭാവംകൊണ്ടും പ്രശാന്തതകൊണ്ടും വ്യതിരിക്തമായിരിക്കുന്നു.
വിപ്ലവത്തിലൂടെ രക്തപ്പുഴകൾ സൃഷ്ടിക്കുന്ന ബീഭത്സവും പൈശാചികവുമായ ദുരവസ്ഥയിൽ നിന്ന് സർവാദൃതവും സർവസമാശ്ലേഷിയുമായ അവസ്ഥയിലേക്ക് വിപ്ലവാശയത്തിനു തന്നെ വിപ്ലവം സൃഷ്ടിക്കാമെന്ന് അരുവിപ്പുറം ശിവപ്രതിഷ്ഠ ലോകത്തെ ബോദ്ധ്യപ്പെടുത്തി. ആയിരത്താണ്ടുകളായി മതത്തെയും ദൈവവിശ്വാസത്തെയും കേന്ദ്രീകരിച്ച് ലോകത്തു നിലനിന്നിരുന്ന നിഖില ചൂഷണങ്ങളെയും ഈ വിപ്ലവം നിരർത്ഥകമാക്കി. അതിനോട് ചേർന്നു നടമാടിയിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വിപാടനം ചെയ്ത് അദ്ധ്യാത്മനിഷ്ഠയുടെയും ഏകതയുടെയും നവനവങ്ങളായ വീഥികൾ ഒരുക്കുകയാണ് മഹാഗുരു ചെയ്തത്.
പ്രതിഷ്ഠാ വേളകളിൽ സാധാരണമായി ചൊല്ലുന്ന വേദമന്ത്രങ്ങൾക്കു പകരം, നവലോകത്തിന് ഉതകുമാറുള്ള നവവേദമന്ത്രം 32 അക്ഷരങ്ങളിലായി ഗുരു ഓതിക്കൊടുത്തു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും,
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്ന നവവേദ മന്ത്രം ഏവരുടെയും ഉണർത്തുപാട്ടായി. 1888 ലെ ശിവരാത്രി നാളിന്റെ അന്ത്യയാമത്തിൽ ഉദ്ഘോഷണം ചെയ്യപ്പെട്ട ഈ ഗുരുവൈഖരിയാണ് മാനവ ലോകത്തിന്റെ തന്നെ പുനരുദ്ധാരണ മന്ത്രമായി പ്രശോഭിക്കുന്നത്.
താത്ത്വികമായി ഗുരുദേവൻ അദ്വൈതിയായിരുന്നു. എങ്കിലും ശൈവ ദർശനത്തോട് ഗുരു പ്രത്യേക മമത പുലർത്തിയിരുന്നതായി കാണാം. ദക്ഷിണേന്ത്യയിൽ പ്രചുരപ്രചാരം നേടിയ സിദ്ധാന്ത സമ്പ്രദായത്തെ വേദാന്ത ദർശനവുമായി ഘടിപ്പിച്ചാണ് ഗുരുദേവൻ തന്റെ തത്ത്വദർശനം ആവിഷ്കരിച്ചത്. വേദാന്ത സിദ്ധാന്ത സമന്വയം ഗുരു ദർശനത്തിന്റെ അന്തർധാരയാണ്. ശിവാദ്വൈതം എന്നു പറയപ്പെടുന്ന പാരമാർത്ഥികാവസ്ഥ നിർവാണാവസ്ഥയുമായി സമന്വയിപ്പിക്കുന്ന അത്യപൂർവ്വ ദർശന മഹിമാവ് ഗുരുദേവ കൃതികളിലുടനീളം കാണാം.
പരബ്രഹ്മസത്തയെ കേന്ദ്രീകരിച്ചു മാത്രം രചിച്ചിട്ടുള്ള ദൈവദശകത്തിലെ 'മഹാദേവ' എന്ന സംബോധനയും, ആത്മോപദേശ ശതകത്തിലെ 'മഹേശപൂജ ചെയ്യും തിരുനീറണിഞ്ഞൊരീശൻ', കുണ്ഡലിനിപ്പാട്ടിലെ 'തിങ്കളും കൊന്നയും ചൂടുമീശൻ', ശിവശതകത്തിലെ 'പശുപതിപാശമറുത്ത', സ്വാനുഭവഗീതിയിലുടനീളം കാണുന്ന ശൈവപ്രതീകങ്ങൾ തുടങ്ങിയവ ഗുരുദേവനിലെ ശൈവ പക്ഷപാതം വെളിപ്പെടുത്തുന്നവയാണ്.
അരുവിപ്പുറം പ്രതിഷ്ഠയും ആലുവാ അദ്വൈതാശ്രമത്തിലെ സർവമത മഹാസമ്മേളനവും ശിവരാത്രി മഹാമഹത്തിൽത്തന്നെ നടത്തുവാൻ നിശ്ചയിച്ചതും വർക്കലക്കുന്നിന് ശിവഗിരി എന്നു പേരിട്ട് അവിടെ ആസ്ഥാനമുറപ്പിച്ചതും ഗുരുദേവനിലെ ശിവപ്രതിപത്തിയുടെ പ്രത്യക്ഷ ഭാവങ്ങൾ തന്നെയാണ്.
കൂടാതെ ഗുരുദേവകൃതികളിൽ കൂടുതലും ശിവനെയും ശിവ കുടുംബത്തിൽപ്പെട്ട ദേവിയെയും കാളിയെയും സുബ്രഹ്മണ്യനെയും ഗണപതിയെയും മറ്റും കേന്ദ്രീകരിച്ച ബോധപൂർവമായ ഗുരു സങ്കല്പങ്ങൾ തന്നെയാണ്. ദേവിയെയും ഗണപതിയെയും സുബ്രഹ്മണ്യനെയും സ്തുതിക്കുമ്പോൾ അതിലുടനീളം കാണുന്ന ശിവതത്ത്വ വർണ്ണനകൾ ഗുരുദേവന്റെ മാത്രം സംഭാവനയാണ്. ശൈവസങ്കല്പം മറ്റു ദേവതമാരിലും അനുരണനം ചെയ്യുന്നു. 'ശിവനെ ഇറക്കിക്കൊണ്ടുവന്നാൽ എല്ലാമായി' എന്ന് ഗുരുദേവൻ അരുളിച്ചെയ്തിട്ടുണ്ട്. ശവസമാനസ്ഥിതിയിൽ അമർന്നിരുന്ന ജനസമൂഹത്തെ ശിവസമാന സ്ഥിതിയിലേക്ക് ഉയർത്തിക്കൊണ്ടു വരുവാൻ, ഈ ശിവനെ ഇറക്കിക്കൊണ്ടുവരലാണ് സഹായകമായത്.
അരുവിപ്പുറം പ്രതിഷ്ഠാ വേളയിൽ ഉണ്ടായ ചോദ്യത്തിന്, 'നാം നമ്മുടെ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്' എന്ന ഗുരുവാണിയിലും ഭഗവാന്റെ ശൈവസങ്കൽപ്പം കാണാം. നമ്മുടെ ശിവൻ - ഗുരുവിന്റെ ശിവൻ, ഗുരുദേവന്റെ സങ്കൽപ്പമൂർത്തിയായ ശിവൻ. അത് ത്രിമൂർത്തി സമ്പ്രദായത്തിലെ സംഹാര കർത്താവായ ശിവനല്ല. ദ്രാവിഡ സംസ്കൃതിയിലെ സിദ്ധാന്ത സമ്പ്രദായത്തിലെ ശിവനാണ്. ആ ശിവന് പഞ്ചമഹാശക്തികളുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരം, നിഗ്രഹം, അനുഗ്രഹം. ഒരേ ശിവൻ തന്നെയാണ് സൃഷ്ടിച്ച് രക്ഷിച്ച് സംഹരിച്ച് ജീവനെ കൈവല്യപദത്തിലേക്ക് നയിക്കുന്നത്.
നമഃശിവായ മന്ത്രത്തിലെ അഞ്ച് അക്ഷരങ്ങൾ ശിവന്റെ പഞ്ചതത്ത്വങ്ങളാണ്. അതുപോലെ ഓംകാരത്തിന്റെ അഞ്ചു മാത്രകൾ (അ + ഉ + മ + ബിന്ദുകല+നാദം) നമഃശിവായ മന്ത്രത്തിനു സമമാണ്. അതുകൊണ്ടാണ് കുണ്ഡലിനിപ്പാട്ടിൽ 'നാദത്തിലുണ്ടാം നമഃശിവായപ്പൊരുൾ' എന്ന് ഭഗവാൻ ശിവതത്ത്വത്തെ വെളിപ്പെടുത്തുന്നത്.
ചുരുക്കത്തിൽ ഗുരുദേവ പ്രസ്ഥാനത്തിലും തത്ത്വദർശനത്തിലും ഒരു ശിവപരതയുണ്ട്. അസമത്വങ്ങളിൽ അമർന്നുപോയ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ ഗുരുദേവൻ കൈപിടിച്ചുയർത്തിയത് ശിവനെ കേന്ദ്രീകരിച്ചുള്ള അദ്ധ്യാത്മ ദർശനത്തിലൂടെയാണ്. അതിനു തുടക്കം കുറിച്ചതാകട്ടെ, ശിവന്റെ മംഗള സ്വരൂപിയായ ശിവരാത്രിക്കും.
ശിവരാത്രി ദിനം അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങളുടെ പുനരുദ്ധാരണ ദിനമാണ്. ആ പുണ്യദിനം ശ്രീനാരായണ ഭക്തലോകം സാഘോഷം എവിടെയും കൊണ്ടാടണം. മഹാശിവരാത്രി നാളിൽ അരുവിപ്പുറം, ആലുവാ അദ്വൈതാശ്രമം, ശിവഗിരി, ഗുരുദേവൻ പ്രതിഷ്ഠിച്ച ശിവക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെത്തി ദർശനം ചെയ്ത് അനുഗൃഹീതരാവുക. ഒപ്പം അവിടെ നടക്കുന്ന വിജ്ഞാനപ്രദമായ പ്രഭാഷണ-സമ്മേളന പരിപാടികളിൽ ശ്രോതാക്കളാവുക. അറിവു നേടുക; അതാണ് ജനങ്ങളെ നന്നാക്കാനുള്ള മരുന്ന് എന്ന ഗുരുവാണി സാർത്ഥകമാക്കുക. അത് ഉത്തമമായ ഗുരുപൂജയാണ്. 136-ാമത് അരുവിപ്പുറം ശിവരാത്രി പ്രതിഷ്ഠാവാർഷിക ദിനം അതിനു വഴിവിളക്കാകട്ടെ എന്ന് ആശംസിക്കുന്നു.